താളമേളങ്ങളും വാദ്യഘോഷങ്ങളുമായി അരങ്ങുണര്‍ന്നു. പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം ‘അരങ്ങ്’ 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി.

തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ തിരിതെളിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. കലയ്ക്ക് സാമൂഹ്യമാറ്റത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വീടിനകത്ത് മാത്രമായി ഒതുങ്ങിയിരുന്ന കലയെ തേച്ചുമിനുക്കുന്നതിനും അരങ്ങിലെത്തിക്കുന്നതിനുമുള്ള അവസരമാണ് ഈ കലോല്‍സവമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

അരങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി എ.സി മൊയ്തീന്‍ സംസാരിക്കുന്നു.

നവകേരള സൃഷ്ടിയില്‍ സ്ത്രീശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്ത്രീശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നീ മേഖലകളില്‍ ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കുടുംബശ്രീയെ മാതൃകയാക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. വനിത, ശിശു വകുപ്പുകള്‍ പ്രത്യേകമായി രൂപീകരിച്ചതും ഇതിന്റെ ഭാഗമായാണെന്ന് മന്ത്രി പറഞ്ഞു.

അരങ്ങിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ നടന്ന ഘോഷയാത്ര

43 ലക്ഷം സ്ത്രീകളെ പ്രതിനിധീകരിച്ച് അരങ്ങേറുന്ന കലോല്‍സവം വിക്ടോറിയ കോളെജ്, മോയന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നിവിടങ്ങളിലായാണ് നടക്കുക. വിക്ടോറിയ കോളെജില്‍ നടന്ന ഉദ്ഘാടനത്തില്‍ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.വി.കെ.ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, ജില്ലാ പഞ്ചായത്തംഗം ഗീത ടീച്ചര്‍, നഗരസഭ കൗണ്‍സിലര്‍ സൗമിനി, ഗവേണിംഗ് ബോഡി അംഗങ്ങളായ കെ.പി.എം.പുഷ്പജ, റിഷ പ്രേംകുമാര്‍, ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍.അജയന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി.വി.രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എം.നീലകണ്ഠന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി എന്നിവര്‍ പങ്കെടുത്തു.