ജാതിമത ചിന്തകള്‍ക്കതീതമായി നടക്കുന്ന പരിപാടിയാണ് കുടുംബശ്രീ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളില്‍ ശക്തമായും കര്‍ക്കശമായും ഇടപെടുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളത്. അഗ്‌നിശമനസേന വിഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീ പ്രാതിനിധ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുടുംബശ്രീ പോലുള്ള സംരംഭങ്ങളിലൂടെയുള്ള ചെറുകിട തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഉപഹാരം നല്‍കി

സ്വാതന്ത്ര്യം, തുല്യത,പങ്കാളിത്തം എന്ന വിഷയത്തില്‍ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വേണ്ടി സംഘടിപ്പിച്ച ലോഗോ തയ്യാറാക്കല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലുവ അസ്ഹറുല്‍ ഉലൂം കോളെജ് വിദ്യാര്‍ത്ഥി മുഹമ്മദ് സഫ്വാന്‍, പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുലാശ്ശേരി പട്ടന്മാര്‍ത്തൊടി പി .ഫാത്തിമ അല്‍ മാജിത എന്നിവര്‍ക്ക് പരിപാടിയില്‍ മന്ത്രി എ.സി മൊയ്തീന്‍ ഉപഹാരം നല്‍കി.