സിവില്‍ സ്റ്റേഷനിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. നവംബര്‍ 19 ന് സിവില്‍ സ്റ്റേഷനില്‍ മാസ്സ് ക്ലീനിംഗ് നടത്തും. 18 ക്ലസ്റ്ററുകളായി തിരിച്ച് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയാണ് ശുചീകരണം നടത്തുക. സുരക്ഷിതത്വം മുന്‍നിര്‍ത്തി വരാന്തകളിലെ തുറസ്സായ പ്രവേശനഇടങ്ങളില്‍ ഗേറ്റുകള്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മാതൃകയിലുള്ള യൂണിറ്റ് സ്ഥാപിക്കും. സിവില്‍ സ്റ്റേഷന്റെ എതെങ്കിലും ഇടങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ ഓഫീസുകളിലും മാലിന്യ കൊട്ടകള്‍ സ്ഥാപിക്കാനും മാലിന്യങ്ങള്‍ കൃത്യ സമയത്ത് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കും.
കാര്യക്ഷമമായ മാലിന്യ സംസ്‌കരണവും ശുചിത്വം ഉറപ്പു വരുത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്നത് സംബന്ധിച്ച് ഓഫീസ് മേധാവികള്‍, നോഡന്‍ ഓഫീസര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, തുടങ്ങിയവര്‍ക്ക് ക്ലാസ് നല്‍കി.  എല്ലാ ഓഫീസിലെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഓരോ ഓഫീസിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിക്കാനും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം റോഷ്ണി നാരായണന്‍, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കൃപ വാര്യര്‍, ഡോ.എന്‍.സിജേഷ്, കോര്‍പറേഷന്‍ പ്രതിനിധി അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.