കാക്കനാട്: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്‍മാര്‍ ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്ട്രേറ്റിലെ പ്ലാനിങ്ങ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

വിവാഹേതര ബന്ധങ്ങൾ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയാണ്. ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളും വർധിക്കുന്നുണ്ട്. പോലീസുകാർ പ്രതികളായ ഗാർഹീക പീഡന കേസുകള്‍ വർധിക്കുന്നത് ആശങ്കാജനകമാണെന്നും എം.സി.ജോസഫൈൻ കൂട്ടിച്ചേർത്തു.

അദാലത്തിൽ 86 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 26 എണ്ണം തീർപ്പാക്കി. 4 എണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായും 56 എണ്ണം അടുത്ത അദാലത്തിനായും മാറ്റി.

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്ന യുവതി ഒപ്പമുണ്ടായിരുന്നയാൾ തന്റെ സർട്ടിഫിക്കറ്റുകൾ പിടിച്ചു വച്ചിരിക്കുകയാണെന്ന പരാതിയുമായി കമ്മീഷന് മുന്നിലെത്തി. സർട്ടിഫിക്കറ്റുകൾ ഉടൻ ഫോർട്ട് കൊച്ചി പോലീസിന് കൈമാറാൻ കമ്മീഷൻ നിർദ്ദേശം നൽകി.

മട്ടന്നൂർ സ്വദേശിനിയായ വൃദ്ധയിൽ നിന്നും കാലടി മാണിക്യ മംഗലത്തെ ചാരിറ്റി സ്ഥാപന നടത്തിപ്പുകാരൻ കബളിപ്പിച്ച് 22 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ തുക 3 ഗഡുക്കളായി വൃദ്ധക്ക് മടക്കി നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഇതിൽ ഒരു ലക്ഷം രൂപ അദാലത്തിൽ കൈമാറി. അടുത്ത ഗഡുവായ 7 ലക്ഷം രൂപ 2020 ഫെബ്രുവരി ആദ്യവാരം നടക്കുന്ന അദാലത്തിൽ കൈമാറാനും ധാരണയായി.

കമ്മീഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.