സംസ്ഥാനത്തെ ജല സംബന്ധമായ വിവരങ്ങൾ ഏതൊരാൾക്കും തത്സമയം അറിയാൻകഴിയുന്ന ജലവിഭവ വിവര സംവിധാനം (കേരള-വാട്ടർ റിസോഴ്സസ് ഇൻഫർമേഷൻ സിസ്റ്റം) ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ  ജലസേചനവകുപ്പിന്റെ നേതൃത്വത്തിലാണ് സംവിധാനം തയാറാക്കുന്നത്. സംസ്ഥാനത്തെ ഡാമുകൾ, തടയണകൾ, മറ്റ് ജല സംഭരണികൾ, ഭൂഗർഭജലം എന്നിവുടെ തത്സമയ വിവരം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ട കൂടിയാലോചന തിരുവനന്തപുരം ഐഎംജിയിൽ നടന്നു. ജിയോ ഡാറ്റാബോർഡിന്റെ രൂപകല്പന, വിവരശേഖരണത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ, ജലഓഡിറ്റ്, ഡിസിഷൻ സപ്പോർട്ട് സിസ്റ്റം തുടങ്ങിയവയെക്കുറിച്ച് ചർച്ച നടന്നു. ആന്ധ്രാപ്രദേശിൽ നടപ്പിലാക്കിയിട്ടുള്ള ജലവിഭവ വിവര വിനിയോഗ സംവിധാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ജലവിഭവ വിവര സംവിധാനം തയാറാക്കുന്നത്.

കഴിഞ്ഞുപോയ രണ്ട് വെള്ളപ്പൊക്കങ്ങളുടെ പശ്ചാത്തലത്തിൽ, പ്രകൃതി വ്യതിയാനങ്ങളെ മുൻകൂട്ടി അിറിയുന്നതിനുള്ള സംവിധാനം തയാറാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന യോഗത്തിൽ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചിരുന്നു. പ്രളയം, വരൾച്ച തുടങ്ങിയ ദുരന്തങ്ങളെ മുൻകൂട്ടികാണുകയും ശാസ്ത്രീയമായ വിശകലനങ്ങളിലൂടെ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുകയും ചെയ്യുകയെന്നതാണ് ഉദ്ദേശ്യം. പുതിയ ജലസേചന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും കൂടുതൽ മേഖലകളിലെ കർഷകർക്ക് ജലം ലഭ്യമാക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. 3.8 കോടിയുടെ പദ്ധതിക്ക് റീബിൽഡ് കേരളയുടെ ഉന്നതതല എംപവേർഡ് കമ്മിറ്റി ഭരണാനുമതി നൽകിയിട്ടുണ്ട്.

രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലവിഭവ വിവരങ്ങളുടെ ഫ്രെയിം വർക്ക്, ജലവിഭവ വിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഡാഷ് ബോർഡ്, ജല ഓഡിറ്റിംഗ് എന്നിവ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. തീരദേശ വിവരങ്ങൾ, ഇൻലാൻഡ് വാട്ടർ നെറ്റ്വർക്ക്, ജല സംരക്ഷണ മാനേജ്മെന്റ് തുടങ്ങിയവ രണ്ടാംഘട്ടത്തിലും വികസിപ്പിക്കും. ഐഎംജിയിൽ നടന്ന ചടങ്ങിന് ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എൻജിനിയർമാർ, ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.