സ്പോർട്സ് ബീച്ച് എന്ന നവീന ആശയം മുൻനിർത്തി അഞ്ചു കോടി രൂപ ചെലവിൽ കാമ്പുറം ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ്‌ കുമാർ എംഎൽ എ പറഞ്ഞു.  തീരദേശ ജില്ലകളിൽ നടപ്പാക്കുന്ന ബീച്ച് ഗെയിംസ്  കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൻ പുറങ്ങളിലും സ്കൂളുകളിലും ഉൾപ്പെടെ ഉള്ള കളിക്കളങ്ങൾ കെട്ടിട നിർമാണത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുകയാണ്.

കെട്ടിടങ്ങൾ പണിയുന്നത് മാത്രമല്ല വികസനം എന്ന തിരിച്ചറിവോടെ അത്തരം സ്ഥലങ്ങൾ സംരക്ഷിക്കപെടണം. നിലവിലുള്ള കളിക്കളങ്ങൾ സംരക്ഷിക്കുന്നതിനും  പുതിയത് വികസിപ്പിക്കുന്നതിനും ഒരു സ്വകാര്യ ബില്ല്  നിയമ സഭയുടെ പരിഗണയിൽ  കൊണ്ട് വരാനായി ശ്രമിക്കുമെന്നും എം എൽ എ പറഞ്ഞു.  ഭട്ട് റോഡ് ബീച്ചിൽ വോളി  പരിശീലനത്തിന്  നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ തീരദേശങ്ങളിലും സാധ്യത പരിശോധിച്ചു ബീച്ച് ഗെയിംസ് സംഘടിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

സംസ്ഥാന സർക്കാരും  ജില്ലാ ഭരണകൂടവും വജ്ര ജൂബിലി ഫെല്ലോഷിപ്പും  സംയുക്തമായി 70  കലാ കായിക പ്രതിഭകളെ  പരിശീലകരായി തെരഞ്ഞെടുത്തു കല  കായിക താരങ്ങൾക്ക്  ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നൽകാനായി ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌
ബാബു പറശ്ശേരി പറഞ്ഞു.
പദ്ധതിയുടെ ചെലവ് കേരള സർക്കാരും  ജില്ലാ ഭരണകൂടവും തുല്യമായാണ് വഹിക്കുന്നത്.

തീരദേശത്തുള്ളവർക്കും മറ്റുള്ളവർക്കുമായി  സംസ്ഥാന യുവജന കാര്യ ഷേമ ബോർഡും സ്പോർട്സ് കൗൺസിലും കോഴിക്കോട് ജില്ലാ ഭരണകൂടവും ആവിഷ്കരിച്ചു നടത്തുന്ന ആദ്യത്തെ ബീച്ച് അടിസ്ഥാനമാക്കി ഉള്ള കായിക മേളയാണ് ഇത്.
കല കായിക രംഗത്തു ഉണർവേകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെയും ജില്ലാ ഭരണക്കൂടത്തിന്റെയും ആഭിമുഖ്യത്തിൽ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് നടപ്പാക്കുന്നത്.

നാല് ദിവസങ്ങളിലായി കോഴിക്കോട്, പുതിയാപ്പ ബീച്ച് കേന്ദ്രീകരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.  ഫുട്ബോൾ, വോളിബോൾ, കബഡി, കമ്പവലി എന്നീ ഇനങ്ങളിൽ പൊതുവായും   ഫുട്ബോൾ, കമ്പവലി എന്നീ ഇനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായും മത്സരം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ് സുലൈമാൻ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സമാപന സമ്മേളനം ഡിസംബർ ഏഴിന് വൈകിട്ട് ഏഴുമണിക്ക് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം കെ രാഘവൻ  എംപി മുഖ്യാതിഥിയാവും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡണ്ട് ടി പി ദാസൻ എന്നിവർ പങ്കെടുക്കും.