ചങ്ങരോത്ത് പഞ്ചായത്ത് തരിശുനിലത്തെ കൃഷി പദ്ധതിക്ക് ഞാറു നടുന്നതിന് ഞാറ് നല്‍കി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് കൃഷിഭവന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയില്‍ സംസ്‌കൃതി പേരാമ്പ്ര എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് വാര്‍ഡ് 13 കല്ലൂര്‍പാണ്ടി പാടശേഖരത്തിലെ 5 ഏക്കര്‍ തരിശുനിലത്ത് കൃഷി ഇറക്കുന്നത്.

ചടങ്ങില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജിജിഷ പി.കെ സ്വാഗതവും പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുനിത ജോസഫ് പദ്ധതി വിശദീകരണവും നടത്തി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സഫിയ പടിഞ്ഞാറയില്‍, വാര്‍ഡ് മെമ്പര്‍ ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സംസ്‌കൃതി പേരാമ്പ്ര പ്രസിഡന്റ് കെട്ടില്‍ ബാലകൃഷ്ണന്‍, പാടശേഖര സമിതി ഭാരവാഹികള്‍ സംസാരിച്ചു. ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തുകളിലെ നിരവധി കര്‍ഷകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഞാറ്റടിയില്‍ നിന്ന് ഞാറ് പറിക്കുമ്പോഴും നടുമ്പോഴും കര്‍ഷക തൊഴിലാളി ദേവ്യേടത്തിയുടെ നേതൃത്വത്തില്‍ പാടിയ ഞാറ്റുപാട്ട് ഏവരെയും ആകര്‍ഷിച്ചു. ജില്ലയിലെ തരിശുനിലങ്ങള്‍ പൂര്‍ണമായും കൃഷിയിലേക്ക് കൊണ്ടുവരുന്നതിലുള്ള കര്‍മ്മ പരിപാടിയിലാണ് ജില്ലാ ഭരണകൂടം, കൃഷി വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവരുള്ളത്. ഹരിതകേരളം മിഷന്‍ വിവിധ വകുപ്പുകളെയും ഏകോപിച്ച് ഈ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയിലാണ്. 172 ഹെക്ടര്‍ തരിശുനിലമാണ് ചങ്ങരോത്ത് പഞ്ചായത്തിലുള്ളത്. ഈ ശ്രമങ്ങളുടെ ഭാഗമായി നേരത്തെ ഹരിതകേരളം മിഷന്‍, വിവിധ ഏജന്‍സികളെ ഏകോപിച്ച് ഫീല്‍ഡ് സന്ദര്‍ശനവും തുടര്‍ന്ന് നവംബര്‍ 22 ന് പേരാമ്പ്ര ബ്ലോക്ക് ശില്പശാലയും സംഘടിപ്പിച്ചിരുന്നു.