*സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം

ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഫലകവും സാക്ഷ്യപത്രവും പത്ത് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി നൽകുക.

രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാർക്ക് ഏഴ് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാതലത്തിൽ വിജയിച്ചവർക്ക് ഫലകവും സാക്ഷ്യപത്രവും മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

ജില്ലാതലത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് (കാസർഗോഡ്), ചെറുതാഴം ഗ്രാമപഞ്ചായത്ത്(കണ്ണൂർ), മീനങ്ങാടി  ഗ്രാമപഞ്ചായത്ത് (വയനാട്), ചേമഞ്ചേരി  ഗ്രാമപഞ്ചായത്ത് (കോഴിക്കോട്), മാറഞ്ചേരി ഗ്രാമപഞ്ചായത്ത് (മലപ്പുറം),അകത്തേത്തറ ഗ്രാമപഞ്ചായത്ത് (പാലക്കാട്), പഴയന്നൂർ ഗ്രാമപഞ്ചായത്ത് (തൃശ്ശൂർ), രായമംഗലം ഗ്രാമപഞ്ചായത്ത് (എറണാകുളം), കുമിളി ഗ്രാമപഞ്ചായത്ത് (ഇടുക്കി) കൂരോപ്പട ഗ്രാമപഞ്ചായത്ത്(കോട്ടയം), ആര്യാട്  ഗ്രാമപഞ്ചായത്ത് (ആലപ്പുഴ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് (പത്തനംതിട്ട), കുലശേഖരപുരം ഗ്രാമപഞ്ചായത്ത് (കൊല്ലം), ചെങ്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)  എന്നിവ ഒന്നാം സ്ഥാനത്തിനർഹരായി.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ  പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ) ഒന്നാം സ്ഥാനവും, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂർ) രണ്ടും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നും സ്ഥാനവും നേടി.
മുനിസിപ്പാലിറ്റി വിഭാഗത്തിൽ പൊന്നാനി (മലപ്പുറം) ഒന്നാം സ്ഥാനവും വടകര(കോഴിക്കോട്) രണ്ടാം സ്ഥാനവും ആന്തൂർ(കണ്ണൂർ), കുന്നംകുളം(തൃശ്ശൂർ) മുനിസിപ്പിലാറ്റികൾ മൂന്നും സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തിനർഹമായി.

തദ്ദേശസ്വയഭരണ സ്ഥപനങ്ങളിൽ 2019-19 കാലയളവിൽ നടത്തിയ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി വിലയിരുത്തിയത്. അവസാന റൗണ്ടിൽ 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും മൂന്ന് കോർപ്പറേഷനുകളും മത്സരിച്ചു. അതത് മേഖലകളെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസുകൾ സംരക്ഷിക്കുന്നതിലും കാർഷികമേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങളിലെല്ലാമുണ്ടായ ജനകീയ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.  ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം വിതരണം ചെയ്യും.

പ്രൊഫ. പി.കെ. രവീന്ദ്രൻ, പ്രൊഫ. ഇ.കുഞ്ഞികൃഷ്ണൻ, ഡോ. സി. ഭാസ്‌കരൻ, വി. എൻ. ജിതേന്ദ്രൻ, ശ്രീലേഖ കെ. എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.  പത്രസമ്മേളനത്തിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.