ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള നൈപുണ്യമാണ് പ്രധാനമെന്നു എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ യൂണിറ്റ് വഴി ധാരാളം തൊഴിലവസരം സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് തൊഴിൽ മേഖലകൾ ഉണ്ടാവണം. സ്വന്തമായി വരുമാനം ആർജിക്കാൻ സ്ത്രീകൾക്കാവണം. കുടുംബശ്രീ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ആയിരങ്ങൾ കയർ തൊഴിലാളികളായി ഉണ്ടായിരുന്ന നാടായിരുന്നു കൊയിലാണ്ടി. ഇന്ന് എല്ലാം മാറി എങ്കിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇനിയും കയർ മേഖല പുഷ്ടിപ്പെടുത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൈത്തറി മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ തൊഴിലിടങ്ങളിൽ തൊഴിൽ ജന്യ രോഗമുൾപ്പെടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരം സർക്കാർ കൊണ്ടുവന്നു.മാലിന്യ സംസ്ക്കരണ രംഗത്തും കൂടുതൽ ശ്രദ്ധ പതിയേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് ജനാരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ നഗരഹൃദയങ്ങളിലാണ് ആധുനിക സാങ്കേതികവിദ്യകളോടെ മാലിന്യം സംസ്ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കെ ദാസൻ എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ കെ സത്യൻ, വൈസ് ചെയർപേഴ്പൺ വി കെ പത്മിനി, കുടുംബശ്രീ കോർഡിനേറ്റർ പി സി കവിത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ ഭാസ്ക്കരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി കെ അജിത, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ വരകുന്ന് വനിതാ പരിശീലന കേന്ദ്രം ഒരു കോടി രൂപ ചെലവിലാണ് നവീകരിച്ചത്. വിവിധ തരത്തിലുള്ള റസിഡൻഷ്യൽ പരിശീലനത്തിന് പര്യാപ്തമായ തരത്തിൽ ക്ലാസ് മുറികൾ, ഓഫീസ് സൗകര്യം, ലൈബ്രറി, താമസ സൗകര്യം, കാന്റീൻ കൂടാതെ സ്റ്റേജ് ഉൾപ്പെടെ കമ്മ്യൂണിറ്റി ഹാൾ 500 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.