പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു
കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻ മരയ്ക്കാർ ഹാളിൽ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും ശിൽപശാലയും ഉദ്ഘാടനം നിർവഹിക്കുകയായരുന്നു അദ്ദേഹം. മൂല്യവർധിത ഉല്പാദനത്തിലേക്ക് കർഷകരെ കൊണ്ടുവരണം.
കാർഷിക വസ്തുക്കൾ മൂല്യവർധിത ഉല്പന്നങ്ങളാകുമ്പോൾ അതിന്റെ വില നിശ്ചയിക്കാൻ കർഷകനാകും. യുവാക്കൾക്ക് ലാഭം ഉണ്ടാക്കാൻ അനുയോജ്യമായത് കാർഷികാധിഷ്ഠിത സംരംഭ മേഖലയാണ്. ഇന്ന് ലോകം മുഴുവൻ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലേക്ക് മാറുകയാണ്. ശുദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വരുംതലമുറയെ ബാധിക്കും. അതിനാൽ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്പാദനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.
യുവാക്കൾക്ക് സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി ചെറുകിട കാർഷികാധിഷ്ടിത വ്യവസായം ആരംഭിക്കാനാകും. വിപണന തന്ത്രങ്ങളിൽ കൂടി മാറ്റം വരുത്തിയാൽ ലോകോത്തര കമ്പനികളുമായി മത്സരിക്കാനാകും. നാരങ്ങാ സർബത്തിന് പകരം വയ്ക്കാൻ കൊക്കോക്കോളയ്ക്ക് സാധിക്കാത്തത് ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പലയിടങ്ങളിലും അതത് പ്രദേശത്ത് മാത്രം ഉല്പാദിപ്പിക്കുന്ന നിരവധി വിഭവങ്ങൾ ഉണ്ട്. ഇവയ്ക്ക ഭൗമസൂചിക പദവി കൂടി നേടിയെടുക്കാനായാൽ ഉയർന്ന വില കിട്ടും. സംസ്ഥാനത്ത് ഇതിനകം മിക്ക കാർഷിക ഉല്പന്നങ്ങൾക്കും ഭൗമസൂചിക പദവി നേടാനായി. കപ്പൽ മാർഗമുള്ള കയറ്റുമതി കൂടി സാധ്യമാകുന്നതോടെ മിക്ക ഉല്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും. ഇത്തരത്തിൽ കാർഷികരംഗത്ത് കേരളത്തിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തണം. വില വർധിക്കുമ്പോൾ മാത്രമല്ല വിലയിടിവുണ്ടാകുമ്പോഴും കർഷകന് പിന്തുണ നൽകാൻ തയ്യാറാകണം. കർഷകന് സമൂഹത്തിൽ മുഖ്യ സ്ഥാനം നേടിയെടുക്കാനാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതി, വിജ്ഞാന വ്യാപന പദ്ധതി, പാഠം ഒന്ന് പാടത്തേയ്ക്ക് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട അവാർഡും മന്ത്രി വിതരണം ചെയ്തു. മികച്ച സ്‌കൂൾ, മികച്ച വിദ്യാർത്ഥി, അധ്യാപകർ, മികച്ച ക്ളസ്റ്റർ, സ്ഥാപനം, മികച്ച കർഷകൻ, കൃഷി ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ വിതരണം ചെയ്തു.
വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മാലിന്യത്തെ വളമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് മുൻകൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുടെ പ്രദർശനവും കാർഷിക ശില്പശാല എന്നിവയും സംഘടിപ്പിച്ചു. നഗരസഭാ ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐ. പി., പ്രിൻസിപ്പൽ കൃഷി ഓഫീസർ താജുന്നിസ എസ്., അഡീഷണൽ ഡയറക്ടർ ബേബി ഗിരിജ ബി., ഡോ. ശ്രീകുമാർ പി. എസ്. എന്നിവർ സംബന്ധിച്ചു.