ഷോപ്പിംഗ് ഫെസറ്റിവെൽ നാടിന്റെ സമ്പത്ത് ഘടനയ്ക്ക് ഉണർവ് പകരും : മുഖ്യമന്ത്രി 

തൃശൂരിന്റെ വ്യാപാരമേഖലയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്‌സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർപ്പറേഷനും തൃശൂരിലെ വ്യാപാര വ്യവസായ സമൂഹവും ചേർന്ന് സംഘടിപ്പിച്ച ഹാപ്പി ഡേയ്‌സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റവെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികമായും വാണിജ്യപരമായും ഒട്ടേറെ പ്രത്യേകതയുളള നഗരമാണ് തൃശൂർ. ഇത്തരമൊരു മേള പണത്തിന്റെ വിനിമയവും ഒഴുക്കും വർദ്ധിപ്പിക്കും. ഇത് നാടിന് ഗുണകരമാകുന്ന അവസ്ഥ സൃഷ്ടിക്കും. വാൾമാർട്ട് പോലുളള വ്യാപാര ഭീമൻമാർ നാട് കീഴടക്കുന്ന കാലത്ത് തദ്ദേശീരായ വ്യാപാരികളുടെ കൂട്ടായ്മയും മേളകളും ജനകീയ പ്രതിരോധത്തിന്റെ ഗുണം പകരും. ചെറുകിട കച്ചവട മേഖലയ്ക്ക് കരുത്ത് പകരാൻ ഇത്തരം മേളകൾ സഹായകമാവും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗതകുരുക്ക് ഒഴിവാക്കാനും സ്ത്രീ-ഭിന്നശേഷി-ശിശു സൗഹൃദമായി മേള നടത്താനും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനും സംഘാടകരും അധികാരികളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചു.

രാത്രീജീവിതത്തിനുതകുന്ന ഇടങ്ങൾ നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത്തരം സാധ്യതയുളളിടങ്ങളിൽ അവ ആരംഭിക്കാൻ ജില്ലാ ഭരണകൂടം ശ്രദ്ധിക്കേണ്ടതുണ്ട്. തൃശൂരിൽ രാത്രി ജീവിത സാധ്യതകളുളള ഗുരുവായൂരിൽ അതിനുളള സൗകര്യങ്ങൾ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ ദീപാലങ്കാരങ്ങളുടെ സ്വീച്ച് ഓൺ കർമ്മവും മുഖ്യമന്ത്രി നിർവഹിച്ചു.

കോർപ്പറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബിഡ്ഡിംഗ് ആപ്പ് പ്രകാശനം കൃഷി മന്ത്രി വി എസ് സുനിൽകുമാറും പ്രൈസ്ഡ് കൂപ്പൺ വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ഇ-കൊമേഴ്‌സ് ആപ്പ് പ്രകാശം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ ബി മോഹനൻ എന്നിവർ ആശംസ നേർന്നു. കല്ല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ ടി എസ് കല്ല്യാണരാമൻ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് സമർപ്പിച്ചു. ജോയ് ആലുക്കാസ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ സ്വാഗതവും ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ടി ആർ വിജയകുമാർ നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.