ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടണമെന്ന് പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടവും സ്റ്റഡി ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്നിതിനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം നല്ല നാളെയിലേക്കുള്ള വാതിലുകളാണ്.

സ്‌കൂളില്‍ കെ#ാഴിഞ്ഞു പോക്ക് തടയുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതില്‍ പ്രാധാനപ്പെട്ടതാണ് മെന്റര്‍ അധ്യാപകരുടെ നിയമനം. ഭാഷ പ്രശ്‌നങ്ങളില്ലാതെ ക്ലാസ്സ് മുറികളില്‍  ഇടപെടാന്‍ ഇവര്‍ സഹായത്തിനെത്തും. മെച്ചപ്പെട്ട വിദ്യാഭ്യാസവും  തൊഴില്‍ നൈപുണ്യവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സമൂഹത്തിലെ തെറ്റായ ചിന്തകളില്‍ കുട്ടികള്‍ ഇടപെടരുത്. പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കണം. തെറ്റായ ആശയങ്ങളില്‍ നിന്നും അകന്ന് നല്ല പാതകളില്‍ കുട്ടികള്‍ വളര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കെ.വിഷ്ണുവിനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബുവും എന്‍.ഐ.ടി പ്രവേശനം ലഭിച്ച നിധീഷ് കൃഷ്ണയെ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജയകൃഷ്ണനെ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനും ആദരിച്ചു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, വി.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ടി.ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.പൈലി. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോണ്‍. മനു കുഴിവേലില്‍. ഇ.എ.ശങ്കരന്‍, ടി.ഡി.ഒ ജി.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.