ലാസ്യഭാവങ്ങളും ചടുല താളങ്ങളും പാരമ്പര്യ തനിമയും കോര്‍ത്തിണക്കി നിശാഗന്ധി നൃത്തോത്സവത്തിന്റെ നാലാം നാള്‍ നവ്യാനുഭവം പകര്‍ന്നു. കുച്ചിപ്പുടിയും ഭരതനാട്യവും ഒഡിസ്സിയും നിശാഗന്ധിയുടെ അരങ്ങില്‍ ദക്ഷിണേന്ത്യയുടെ മാസ്മരിക കലാ വൈവിദ്ധ്യം കാഴ്ചവെച്ചപ്പോള്‍, കഥകളി   മേളത്തില്‍ കേരളത്തിന്റെ തനിമചോരാത്ത കലാവിഷ്‌കാരവുമായി ബാണയുദ്ധം കഥകളി അരങ്ങേറി.
ദമ്പതിമാരായ ഗിരീഷ് ചന്ദ്രയും, ദേവി ഗിരിഷും കുച്ചിപ്പുടിയുടെ പരമ്പരാഗത ചുവടുകളുമായി നടന വിസ്മയം തീര്‍ത്തപ്പോള്‍, ഭാരതം, പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച  പ്രശസ്ത നര്‍ത്തകി അലര്‍മേല്‍വള്ളി ഭരതനാട്യത്തിന്റെ  നിറചാരുതയോടെ അരങ്ങ്  കീഴടക്കി.
മികവാര്‍ന്ന രണ്ട് നൃത്തരൂപങ്ങള്‍ക്ക് ശേഷം ആസ്വാദക മനം കവരാനെത്തിയത് ദക്ഷ മശ്രൂവാലയുടെ നേതൃത്വത്തിലുള്ള കൈശികി ഡാന്‍സ് അക്കാദമിയുടെ ഒഡീസിയാണ്.  ഭാരതത്തിന്റെ തനത് നൃത്തരൂപമായ ഒഡീസി ലോക പ്രശസ്ത നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതിന്റെ കാരണം വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ പ്രകടനം.
അതേ സമയം നൃത്തോത്സവത്താടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍  നടക്കുന്ന കഥകളി മേളയില്‍ ബാണയുദ്ധം കഥകളി അരങ്ങേറി.   പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ബാണനായി വേഷമിട്ടപ്പോള്‍  കലാമണ്ഡലം വിശാഖ് ശിവനായും കലാമണ്ഡലം ആരോമല്‍ പാര്‍വതിയായും അരങ്ങിലെത്തി.
മേള അവസാനിക്കാന്‍ മൂന്ന് നാള്‍ മാത്രം ബാക്കിനില്‍ക്കെ നൃത്തത്തിന്റെ അവിസ്മരണീയ കാഴ്ചകള്‍ കാണാനായി നിശാഗന്ധിയില്‍ ജനത്തിരക്കേറുകയാണ്.