വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍
നടപടിയെടുക്കും: മന്ത്രി പി. തിലോത്തമന്‍
 
വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്  അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഏറെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നുണ്ട്. കായലും കൈവഴികളായ നദികളും ആറുകളും പ്ലാസ്റ്റിക് രഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  ആരോഗ്യ ജാഗ്രതയുടെ ഭാഗമാക്കും.

ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങളെയും പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി  കാണണം. രോഗങ്ങളുടെ വ്യാപനം വര്‍ധിപ്പിക്കുന്ന പരിസ്ഥിതി വ്യതിയാനങ്ങള്‍, ജീവിത ശൈലികള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി മുന്‍കരുതല്‍ നടപടിയെടുക്കണം. മാരക രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ചു പ്രയത്‌നിക്കണം. നിയോജക മണ്ഡലം, തദ്ദേശ സ്ഥാപനം, വാര്‍ഡ്, സബ്ബ് സെന്റര്‍ തലങ്ങളില്‍ ജാഗ്രതാ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.സി.ജോര്‍ജ്ജ് എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് വിഷയാവതരണം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍. രാജന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

സി.കെ.ആശ എം.എല്‍.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ.ഡോമി തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.