ഫെബ്രുവരി 24 ന് കോട്ടമൈതാനത്ത് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് ഫെബ്രുവരി 24 ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ – നിയമ –  സാംസ്‌കാരിക – പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാവും.

ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടമൈതാനത്താണ് മേള നടക്കുക. വ്യക്തിഗത ഗുണഭോക്താക്കളുടെയും കുടുംബശ്രീ സി.ഡി.എസ്സുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെയും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ഉണ്ടായിരിക്കുക. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ തല്‍സമയ നിര്‍മ്മിതി നേരിട്ട് കാണുന്നതിനുള്ള അവസരവും മേളയില്‍ ഉണ്ടാവും.  രുചിക്കൂട്ടൊരുക്കി ഫുഡ് കോര്‍ട്ടും മെഡിക്കല്‍ ക്യാമ്പും മേളയില്‍ ഒരുക്കും. എല്ലാ ദിവസവും വൈകീട്ട് പ്രമുഖര്‍ പങ്കെടുക്കുന്ന കലാ –  സാംസ്‌കാരിക  പ്രഭാഷണ പരിപാടികളും ഉണ്ടായിരിക്കും.

പരിപാടിയില്‍ റീ – ടേണ്‍ വായ്പ വിതരണം വി. കെ. ശ്രീകണ്ഠന്‍ എം.പിയും വിദ്യാഭ്യാസ വായ്പാ വിതരണം രമ്യ ഹരിദാസ് എം.പിയും നിര്‍വഹിക്കും.  ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, കെ.എസ്.ബി.സി.ഡി.സി. മുന്‍ചെയര്‍മാന്‍ സി.ടി. കൃഷ്ണന്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍, പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍മാരായ എ.പി. ജയന്‍, എ.മഹേന്ദ്രന്‍, ടി. കണ്ണന്‍, ചെയര്‍മാന്‍ ടി. കെ. സുരേഷ്,  പട്ടികജാതി – പട്ടികവര്‍ഗ –  പിന്നാക്കക്കവിഭാഗ – വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ ഐ.എ.എസ്,  മാനേജിങ് ഡയറക്ടര്‍ കെ.ഭാസ്‌കരന്‍, ഒ.വി വിജയന്‍ സ്മാരക സമിതി കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടന ദിവസം വൈകീട്ട്  4.30 ന് മെഹ്ഫില്‍ പാലക്കാട് അവതരിപ്പിക്കുന്ന സംഗീത വിരുന്നും 6.30 ന് പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കറും ടീമും  അവതരിപ്പിക്കുന്ന  ‘പ്രഗതി’ ബാന്‍ഡിന്റെ സംഗീത നിശയും അരങ്ങേറും.