ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗായത്രി പുഴയിലെ ചേരാമംഗലം ജലസേചന പദ്ധതിയില്‍ നിന്നുളള ജല വിതരണം ഫലപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് കെ.ഡി പ്രസേനന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റില്‍ യോഗം ചേര്‍ന്നു. ആലത്തൂര്‍ എം.എല്‍.എ നടപ്പാക്കിയ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നിറ’യുടെ ആഭിമുഖ്യത്തിലാണ് ചേരാമംഗലം ജലസേചന പദ്ധതിയുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ചേരാമംഗലം സ്വരക്ഷ എന്ന പദ്ധതി രൂപവത്കരിച്ച് നടപ്പാക്കുന്നത്. നിറയുമായി ബന്ധപ്പെട്ട ജലസേചന കലണ്ടറും പ്രകാശനം ചെയ്തു.
കര്‍മപദ്ധതി നിര്‍ദ്ദേശങ്ങള്‍
മലമ്പുഴ പദ്ധതിയുടെ ആയക്കെട്ടില്‍ ചേരാമംഗലം ആയക്കെട്ട് ഉള്‍പ്പെടുത്തി ടേണ്‍ അടിസ്ഥാനത്തില്‍ ജലം ലഭ്യമാക്കും. * മലമ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ചേരാമംഗലം ആനിക്കെട്ടിലേക്ക് ലഭിക്കുന്ന ജലത്തിന്റെ അളവ് മോണിറ്റര്‍ ചെയ്യുന്നതിന് സംവിധാനമേര്‍പ്പെടുത്തും. * പല്ലാവൂര്‍ കനാലില്‍ നിന്നും ഗായത്രിപുഴയിലേക്ക് കാര്യക്ഷമമായി ജലം എത്തിക്കുന്നതിനുളള ടണല്‍ സംവിധാനം ഏര്‍പ്പെടുത്തും. * ചേരാംമംഗലം ആനിക്കെട്ടില്‍ പുഴയിലേക്ക് തുറക്കുന്ന റിവര്‍ സ്ലൂയിസ് തകരാറിലായത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
* വിളക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ മെയിന്‍ ബ്രാഞ്ച് കാഡാ കനാലുകള്‍ പൂര്‍ത്തിയാക്കുന്നതിന് ജലസേചന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി മുഖാന്തരം നടപടി സ്വീകരിക്കും.
* മെയിന്‍ ബ്രാഞ്ച്, ഫീല്‍ഡ് ബൂത്തുകള്‍, സ്ലൂയിസുകള്‍, ഷട്ടറുകള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തും. * വിള-ജല കലണ്ടര്‍ ഒദ്യോഗികമായി തയ്യാറാക്കുകയും സീസണ്‍ ആരംഭിക്കുന്നതിനു മുമ്പേ ടേണ്‍ ഷെഡ്യൂള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക. * ജനപങ്കാളിത്തത്തോടെ ജലവിതരണവും ജല ഉപയോഗവും നടപ്പിലാക്കും. * കനാലില്‍ നിന്നും അനധികൃതമായി ജലം ഊറ്റിയെടുക്കുക, സ്പൗട്ടുകള്‍ നശിപ്പിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
* ചേരാമംഗലം കനാല്‍ ശൃംഘലയുടെ പുതിയ സ്‌കീമാറ്റിക് ഡയഗ്രം തയ്യാറാക്കുക. * മറ്റു ജലസേചന പദ്ധതികളില്‍ നിന്നും ചേരാമംഗലം കനാല്‍ ശൃംഘലയിലേക്ക് ജലം എത്തിക്കുന്നതിനുളള സാധ്യത പഠനം നടത്തുകയും പദ്ധതി തയ്യാറാക്കുകയും വേണം. * ഹരിത കേരളം മിഷന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ആയക്കെട്ട് പ്രദേശത്തെ നീര്‍ത്തടം അടിസ്ഥാനമാക്കി നടപ്പാക്കും. * പാടശേഖരത്തിനോട് ചേര്‍ന്നുളള ജലസേചന ഉറവിടങ്ങളായ കുളങ്ങള്‍ സംരക്ഷിക്കും. * ആയക്കെട്ടു പ്രദേശത്തെ മെയിന്‍ കനാലുമായി ബന്ധപ്പെട്ട ബ്രാഞ്ച് സ്ലൂയിസുകളില്‍ ജല ഉപയോഗ അസ്സോസിയേഷനുകള്‍ രൂപവത്കരിക്കും.
ജില്ലാകലക്റ്റര്‍ ഡോ. പി. സുരേഷ് ബാബു, എ.ഡി.എം. എസ് വിജയന്‍, വിവിധ വകുപ്പിലം ഉദ്യോഗസ്ഥര്‍, ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ജി ഗംഗാധരന്‍, ചേരാമംഗലം പി.എ.സി അംഗങ്ങള്‍ നിറ കാര്‍ഷിക സര്‍വെ ടീം തുടങ്ങിയവര്‍ പങ്കെടുത്ത യോഗം കര്‍മ്മപരിപാടികള്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി