വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗകര്യങ്ങൾക്കൊപ്പം സുരക്ഷയും ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളം കുടിവെള്ള പദ്ധതിയുടെയും സൺബാത്ത് പാർക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

സഞ്ചാരികളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കിയാണ് സൈലന്റ്‌വാലി സൺബാത്ത് പാർക്ക് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി കോവളത്ത് 1.06 കോടിയുടെ സമഗ്ര നിരീക്ഷണ സംവിധാനം ഒരുക്കിയതായും മന്ത്രി പറഞ്ഞു. 15 കോടിരൂപയുടെ കുടിവെള്ള പദ്ധതിയാണ് പൂർത്തിയാക്കിയത്. കോവളത്തെ ബീച്ചുകളിലെ 20 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.വിൻസെന്റ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേയർ കെ.ശ്രീകുമാർ മുഖ്യാതിഥിയായി. ടൂറിസം സെക്രട്ടറി റാണിജോർജ് സ്വാഗതവും ടൂറിസം ഡയറക്ടർ പി.ബാലകിരൺ നന്ദിയും പറഞ്ഞു. കൗൺസിലർ നിസാബീവി, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.