ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജല അതോറിട്ടി നടത്തുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പൊങ്കാലയിടാൻ വരുന്നവർക്കാവശ്യമായ ക്രിമീകരണങ്ങൾ ഒരുക്കുന്നതിന് ജല അതോറിട്ടി സ്വീകരിച്ച നടപടികളിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി തൃപ്തി അറിയിച്ചു. ആവശ്യമായ ജലം തിരുവനന്തപുരം കോർപറേഷന്റെ സഹായത്തോടെ ടാങ്കറുകളിലും മറ്റും ലഭ്യമാക്കും. കുടിവെള്ള വിതരണത്തിനായി ആവശ്യത്തിന് ആർഒ പ്ലാന്റുകൾ സ്ഥാപിക്കാനും നിയമസഭാമന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

പൊങ്കാല പ്രമാണിച്ച് നഗരത്തിലെ കുടിവെള്ള വിതരണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഈ മാസം ആറ് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം. പൊങ്കാല ദിവസം ആവശ്യത്തിന് ജലം ഉറപ്പുവരുത്തുന്നതിനായി ഐരാണിമുട്ടം ജലസംഭരണിയിൽ അധികജലം ശേഖരിക്കും. ഇതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്. വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കരമന, പിടിപി നഗർ, നേമം, വെള്ളായണി, മുന്നാംമൂട്, കൊടുങ്ങാനൂർ, വയലിക്കട, കല്ലുമല, പാപ്പനംകോട്, വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, ജവഹർനഗർ, കവടിയാർ, നന്ദാവനം തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം ഭാഗികമായി തടസപ്പെടുക.

വെള്ളയമ്പലം ലോ ലെവൽ ജലസംഭരണിയിൽ ദിവസവും ഒരു മണിക്കൂർ അധികജലം ശേഖരിക്കേണ്ടതിനാൽ ഈ മാസം ഒൻപത് വരെ വഴുതക്കാട്, തൈക്കാട്, വലിയശാല, പിഎംജി, സ്റ്റാച്യു, ബേക്കറി ജംഗ്ഷൻ, പുളിമൂട്, ഊറ്റുകുഴി, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പാളയം, എംഎൽഎ ക്വാർട്ടേഴ്‌സ്, ജനറൽ ആശുപത്രി, പേട്ട, വേളി തുടങ്ങിയ സ്ഥലങ്ങളിൽ ജല വിതരണം ഭാഗികമായി തടസപ്പെടും. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് മുന്നൊരുക്കങ്ങളോട് സഹകരിക്കണമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.