കാസർഗോഡ്: ഹോട്ടലുകളെമാത്രം ആശ്രയിച്ചു കഴിയുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി,ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.ഹോട്ടല്‍,കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ വാര്‍ഡ്തല ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തയ്യാറാക്കി ഭക്ഷണം പാകം ചെയ്ത്, തെരഞ്ഞടുത്ത 10 സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഇരുചക്രവാഹനത്തില്‍ ആയിരിക്കും ഭക്ഷണം വിതരണം ചെയ്യുക. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം .
ഭക്ഷണം വിതരണം ചെയ്യുന്നതിന്,ഹോട്ടല്‍,കമ്മ്യൂണിറ്റി ഹാള്‍ എന്നിവ കണ്ടെത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി. കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും. ഗോഡൗണില്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന്  15 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും.പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ 04994 255004 എന്ന നമ്പറില്‍ ബന്ധപ്പെടുക.ഇവര്‍ക്ക് വാര്‍ഡ്തല ജനജാഗ്രത സമിതി വഴി ഭക്ഷണം എത്തിക്കും.ഭക്ഷണ കിറ്റ് ആവശ്യമുള്ള കുടുംബങ്ങള്‍ക്കും ഈ നമ്പറിലേക്ക് വിളിക്കാം.