കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെക്കുന്നത് ആറ് മാസം തടവും പിഴയും ലഭിക്കുന്ന ശിക്ഷയാണെന്ന് ബാലാവകാശ സംരക്ഷണ സെമിനാർ ഓർമപ്പെടുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന സെമിനാർ നഗരസഭാ ചെയർമാൻ റ്റി.എസ്. തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്.പ്രീത് അധ്യക്ഷനായി.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളാണ് അതിജീവനം, പങ്കാളിത്തം, വികസനം, സംരക്ഷണം എന്നിവ. സംഭവങ്ങൾ വളച്ചൊടിക്കാതെ, ഇത്രയും ഘടകങ്ങൾ ഉൾക്കൊണ്ടാവണം മാധ്യമങ്ങളും പൊതുജനങ്ങളും ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് സെമിനാർ വിലയിരുത്തി. കൂട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം കൂടാതെ വിദ്യാഭ്യാസ അവകാശ നിഷേധം, ബാലവേല, കുടുംബത്തിലെ അരക്ഷിതാവസ്ഥ, എന്നിവയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുണ്ടാവണമെന്ന് സെമിനാറിൽ ക്‌ളാസെടുത്ത ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പി. സുബീഷ്, എ.ജി. ശശികുമാർ എന്നിവർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയേയോ നിർബന്ധമായും അറിയിക്കണം.
നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ശ്രീജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി.പി. സുലഭ, മാധ്യമ പ്രവർത്തകരായ വി.എം. ഷണ്മുഖദാസ്, ഇ.എൻ.അജയകുമാർ, അസി.ഇൻഫർമേഷൻ ഓഫീസർ ആർ. അജയഘോഷ് എന്നിവർ സംസാരിച്ചു.