ആരോഗ്യകരമായ ആഹാരക്രമം പിന്തുടരുക എന്നതാണ് രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏക മാർഗമെന്ന് എൻ. ഷംസുദീൻ എം.എൽ.എ. പറഞ്ഞു. സംസ്ഥാന പോഷകാഹാര കാര്യാലയവും ജില്ല മെഡിക്കൽ ഓഫീസും (ആരോഗ്യം) സംയുക്തമായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന ദ്വിദിന പോഷകാഹാര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ആഹാരം തന്നെയാണ് മരുന്നെന്ന അവബോധം സൃഷ്ടിച്ച് തനതു ഭക്ഷണ ശീലങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരം പ്രദർശനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശരിയായ അറിവ് എല്ലാവരിലുമെത്തിക്കുകയെന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം. പ്രദർശനം ഇന്ന് (ഫെബ്രുവരി ഒമ്പത്) വൈകിട്ട് നാലിന് അവസാനിക്കും. അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത് പ്രസിഡന്റ് ഈശ്വരിരേശൻ അധ്യക്ഷയായ യോഗത്തിൽ ജില്ല മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: കെ. ആർ. ശെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പോഷകാഹാര കാര്യാലയം ചീഫ് സയന്റിഫിക് ഓഫീസർ ഇൻ ചാർജ് എസ്. താരാകുമാരി വിഷയം അവതരിപ്പിച്ചു. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.