കാസർഗോഡ് ജില്ലയില്‍ ആര്‍ക്കും പുതുതായി ഇന്നലെ(മെയ് 13)കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല .ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 1335 പേരാണ്.വീടുകളില്‍ 1130 പേരും ആശുപത്രികളില്‍ 205 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്..101 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്..പുതിയതായി 43 പേരെയാണ്  ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.നിരീക്ഷണത്തിലുള്ള  289 പേര്‍ ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacontrolksd.in സന്ദര്‍ശിക്കു.
കോവിഡിനെ നേരിടാന്‍ മലയോരം സര്‍വ്വസജ്ജം
കോവിഡ് – 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും നിന്നും വിദേശത്തു നിന്നെത്തുന്നവര്‍ക്കുമായി ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കി മലയോരം. ഇതര സംസഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവരെ സ്വീകരിക്കാന്‍  ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കിയും മാസ്‌കുകള്‍ വിതരണം ചെയ്തും കടുത്ത ജാഗ്രത പുലര്‍ത്തിയും കോവിഡിനെതിരെ മലയോരം സജ്ജമായി.
റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്  പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതും ഇവര്‍ തന്നെ. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായുള്ള ഇടങ്ങള്‍  കണ്ടെത്തുകയും അവ വൃത്തിയാക്കി സൗകര്യങ്ങളൊരുക്കുന്നതും റവന്യൂ വകുപ്പും പഞ്ചായത്തും ചേര്‍ന്നാണ്.
ആവശ്യമായ  ആരോഗ്യ പരിരക്ഷ പിഎച്ച്സികള്‍-സിഎച്ച്സികള്‍ വഴി ഉറപ്പാക്കുന്നു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ വാര്‍ഡ്തല  ജാഗ്രത സമിതികളും  അതാത് ആരോഗ്യ കേന്ദ്രങ്ങളും നിരന്തരം ബന്ധപ്പെടുന്നു.ക്വാറന്റൈന്‍ കേന്ദങ്ങളിലേക്ക് അവശ്യമായ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുന്നത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്.
വീടുകളില്‍ റൂം ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവരാണ് പൊതു ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.ക്വാറന്റൈന്‍ നീരീക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്ത്/വാര്‍ഡ്തല ജാഗ്രത സമിതികള്‍ക്കാണ്.
പരപ്പ ബ്ലോക്കിലെ വിവിധ  പഞ്ചായത്തുകളിലായി 301 പേരാണ് ക്വാറന്റൈനില്‍ ഉള്ളത്. പനത്തടി പഞ്ചായത്തില്‍ ആകെ 36 പേരാണ് ഇതുവരെ ക്വാറന്റൈനിലുള്ളത്.ഇതില്‍ രണ്ടു പേര്‍  പഞ്ചായത്തിലെ പൊതുക്വാറന്റൈന്‍ കേന്ദ്രമായ ചെറുപനത്തടി സെന്റ് മേരീസ് കോളജിലാണുള്ളത്.
കള്ളാര്‍ പഞ്ചായത്തില്‍ 40 പേരാണ് ഇതുവരെ ക്വാറന്റൈനിലുള്ളത്. ഇതില്‍ 14 പേര്‍  പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും ബാക്കിയുള്ളവര്‍ ഹോം ക്വാറന്റൈനിലുമാണ്.കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഇതുവരെ ക്വാറന്റൈനിലുള്ള 24 പേരില്‍ നാലുപേര്‍ പഞ്ചായത്തിലെ പൊതു ക്വാറന്റൈന്‍ കേന്ദ്രമായ തായന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണുള്ളത്.
കിനാനൂര്‍ – കരിന്തളം പഞ്ചായത്തില്‍ ബഹ്റനില്‍ നിന്നെത്തിയ ഒരു പ്രവാസിയടക്കം 47 പേരാണ് ക്വാറന്റൈനില്‍ ഉള്ളത്. ഇതില്‍ പ്രവാസി അടക്കമുള്ള 7 പേര്‍ നീലേശ്വരത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലും ബാക്കിയുള്ളവര്‍ ഹോം ക്വാറന്റൈനിലുമാണ്. കരിന്തളം ഗവണ്‍മെന്റ് കോളേജാണ് പഞ്ചായത്തില്‍ പൊതു ക്വാറന്റൈന്‍ കേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്.വെസ്റ്റ് എളേരി പഞ്ചായത്തില്‍ 59 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
ഇതില്‍ ഒരാള്‍ മാത്രമാണ് പഞ്ചായത്ത് ഒരുക്കിയ പൊതു ക്വാറന്റൈന്‍ കേന്ദ്രമായ എളേരി കോളേജില്‍ ഉള്ളത്.ബളാല്‍ പഞ്ചായത്തില്‍ 40 പേരാണ് ക്വാറന്റൈനില്‍ ഉള്ളത്.ഇതില്‍ മൂന്ന് പേര്‍ പഞ്ചായത്തിലെ പൊതു ക്വാറന്റൈന്‍ കേന്ദ്രമായ സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിലാണുള്ളത്.ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 55 പേരാണ് ക്വാറന്റൈനില്‍ ഉള്ളത്.
ഗള്‍ഫില്‍ നിന്നെത്തിയ ചെറിയ കുട്ടികള്‍ അടക്കമുള്ള  കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നു.ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി ഇവരുടെ തന്നെ  ബന്ധുവിന്റെ  വിട്ട് നല്‍കിയിരിക്കുന്നു.പൊതു ക്വാറന്റൈന്‍ കേന്ദ്രങ്ങളായി തോമാപുരം എല്‍ പി സ്‌കൂളും ചിറ്റാരിക്കാല്‍ ടൗണിനോട് ചേര്‍ന്നുള്ള പഴയ സഹകരണാശുപത്രി കെട്ടിടവും സജ്ജമാണ്. \ിലവില്‍ പരപ്പ ബ്ലോക്കില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.