ആലപ്പുഴ: തരിശ് നിലത്തില്‍ കൃഷി ചെയ്ത് പൊക്കാളി കൃഷി പുനരുദ്ധരിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍. കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒരു ഹെക്ടറുള്ള കൊച്ചുചങ്ങരം പാടശേഖരത്താണ് പൊക്കാളി കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീയുടെ കാര്‍ഷിക കൂട്ടായ്മയായ തളിര്‍ സംഘ കൃഷി (ജെ.എല്‍.ജി) അംഗങ്ങളാണ് കൃഷി ചെയ്യുന്നത്. കൊച്ചുചങ്ങരം പാടശേഖരത്തില്‍ വിത്ത് വിതച്ച് എ.എം. ആരിഫ് എംപി കൃഷിക്ക് തുടക്കം കുറിച്ചു.

തീരദേശ മേഖലയായ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ പൊക്കാളി ഇനം ഒരു കാലത്ത് പ്രദേശത്ത് സുലഭമായി കൃഷി ചെയ്തിരുന്നു. സമീപകാലത്ത് നെല്‍ പാടങ്ങള്‍ മത്സ്യകൃഷിയിലേക്ക് മാറിയതോടെ പൊക്കാളി കൃഷി പേരിന് മാത്രമായി ഒതുങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കൃഷി നീലച്ച് തരിശ് ഭൂമിയായി കിടന്ന പാടം ഏറ്റെടുത്താണ് ഇപ്പോള്‍ കൃഷി ഇറക്കിയത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാകൂട്ടായ്മ കൃഷിയിലേക്ക് ചുവട് വയ്ക്കുന്നത് പ്രദേശത്തെ പൊക്കാളി കൃഷിക്ക് പുത്തന്‍ ഉണര്‍വ്വേകും.

ചടങ്ങില്‍ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പാര്‍വതി, പഞ്ചായത്തംഗം രുഗ്മിണി ബോബന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സേവ്യര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സതിക, കൃഷി ഓഫീസര്‍ ബി. ഇന്ദു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആര്യ ഷിതിന്‍, കൊച്ചുചങ്ങരം പാടശേഖരം സെക്രട്ടറി രാജീവന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.