ആലപ്പുഴ: പച്ചക്കറിയും പൂക്കളും പഴങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ വനിതാ കര്‍ഷക സംഘം. സ്‌ത്രീ കര്‍ഷകര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ നൂതന സംരംഭമാണ് ഈ പ്രാദേശിക കാര്‍ഷിക ഉത്പ്പന്ന സംഭരണ- വിതരണ കേന്ദ്രം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പൂകൃഷിക്കാര്‍, സഹകരണ സംഘം, കാര്‍ഷിക സംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കാര്‍ഷിക സംഘങ്ങള്‍ക്ക് സ്ഥിരമായി സംഭരണ വിപണന കേന്ദ്രം ഉണ്ടായിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂക്കളുടെയും പച്ചക്കറികളുടെയും ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ജൈവ പച്ചക്കറികളും പൂക്കളും പഴങ്ങളും ഒരുമിച്ച് സംഭരിക്കാനും വിറ്റഴിക്കാനും സ്ഥിരം കേന്ദ്രമെന്ന ആശയത്തിലേക്കെത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഒരുക്കിയിട്ടുള്ള സംഭരണ- വിതരണ കേന്ദ്രം ധനകാര്യ- കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ വനിതാ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്യുന്ന പൂക്കളും പച്ചക്കറികളും പഴങ്ങളുമാണ് ഈ കേന്ദ്രത്തില്‍ സംഭരിക്കുന്നത്. പൂക്കള്‍ക്കും പച്ചക്കറിക്കും പുറമെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്തുകളിലായി കൃഷി ചെയ്ത മാതളം, സീതപ്പഴം, ആത്ത, പേര തുടങ്ങിയ പഴങ്ങളും ഇവിടെ ലഭ്യമാണ്. പച്ചക്കറികള്‍ക്കൊപ്പം കുറ്റിമുല്ല, ജമന്തി, വാടാമല്ലി, അരളി എന്നിവയും സംയോജിതമായി കൃഷി ചെയ്യുന്നുണ്ട്.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കൃഷി ചെയുന്ന പച്ചക്കറികള്‍ ശേഖരിക്കാനായി രണ്ട് സ്ഥിരം വനിതാ കര്‍ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സംഭരണ കേന്ദ്രത്തില്‍ എത്തിക്കാവുന്നവര്‍ക്കു അങ്ങനെയും ഉത്പന്നങ്ങൾ കൊണ്ടുവരാം. ന്യായമായ വിലയില്‍ ഗുണമേന്മയുള്ള പച്ചക്കറിയും പൂക്കളും പഴങ്ങളുമെല്ലാം വിളവെടുക്കുമ്പോള്‍ തന്നെ സ്വന്തമാക്കാം എന്നതാണ് ഈ വനിതാ സംഭരണ വിതരണ കേന്ദ്രത്തിന്റെ പ്രത്യേകത. സംഭരണ- വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ പുതിയ പദ്ധതിക്കും ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്.