കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവില്ല

മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസുകളില്‍ ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണം. മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കണം.

എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍, കഫേ മുതലായവ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. ഇവയ്ക്ക് രാത്രി ഒന്‍പതുവരെ പ്രവര്‍ത്തന അനുമതിയുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും രാത്രി ഒന്‍പതുവരെ മാത്രമേ പാടുള്ളു.

ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് അനുമതിയില്ല.

മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, എന്നിവയ്ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.

കായിക-വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും ജിമ്മുകള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.

ബാറുകള്‍, ബീയര്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം.

മത്സ്യച്ചന്ത ഉള്‍പ്പടെയുള്ള മാര്‍ക്കറ്റുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍ ആള്‍ക്കൂട്ടം പാടില്ല.

കല്യാണ ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

ട്യൂഷന്‍/കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല.

ഓഡിറ്റോറിയം, അസംബ്ലി ഹാള്‍, സിനിമ ഹാള്‍, വിനോദ പാര്‍ക്കുകള്‍, തീയറ്ററുകള്‍, സ്വീമ്മിംഗ് പൂള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്. സാമൂഹ്യ-മത-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-കായിക കൂടിച്ചേരലുകള്‍ക്കും അനുമതിയില്ല.

10 വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കഴിയുന്നതും വീടിനു പുറത്തിറങ്ങരുത്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.