റീബിൽഡ് കേരള : കൃഷി വികസന കർഷക ക്ഷേമ വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

കൃഷിയും കർഷക ക്ഷേമവും വകുപ്പിൽ ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
വിവിധ ആനുകൂല്യങ്ങൾക്കായി കർഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉൾപ്പെടെയുള്ള നടപടികൾ കമ്പ്യൂട്ടർവൽകൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകൾ മുതലുള്ള നടപടികളെല്ലാം ഓൺലൈനാക്കുന്നതിന് അഗ്രികൾച്ചർ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആരംഭിക്കുക, കാർഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാർട് സംവിധാനം ഒരുക്കുക, വകുപ്പിന്റെ കീഴിലുള്ള ഓഫീസ് ഫയലുകൾ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയിൽ ലക്ഷ്യമിടുന്നു.
ഗുണമേൻമയുള്ള വിത്തുകൾ ഉറപ്പാക്കുന്നതിന് സീഡ് സർട്ടിഫിക്കേഷൻ, റഗുലേഷൻ സംവിധാനം, കീടനാശിനി നിർമാതാക്കൾക്കും വ്യാപാരികൾക്കും ലൈസൻസ് നൽകൽ, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകൾ ശേഖരിക്കുന്നതിനും ഗുണമേൻമ പരിശോധിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തും.
കാർഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓൺലൈൻ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ശമ്പള പരിഷ്‌കരണം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കൽ, ദന്തൽ, നഴ്സിഗ്, ഫാർമസി, നോൺ മെഡിക്കൽ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്‌കരണം മന്ത്രിസഭായോഗം അംഗീകരിച്ചു. 01.01.2016 മുതൽ പ്രാബല്യത്തിലാണ് ശമ്പളം പരിഷ്‌ക്കരിച്ചിട്ടുള്ളത്. മെഡിക്കൽ, ദന്തൽ വിഭാഗങ്ങളിലെ അധ്യാപകർക്ക് ലഭിച്ചു വന്നിരുന്ന നോൺ പ്രാക്ടീസിംഗ് അലവൻസ് (എൻ.പി.എ), പേഷ്യന്റ് കെയർ അലവൻസ് (പി.സി.എ) എന്നിവ തുടർന്നും നൽകാൻ തീരുമാനിച്ചു. 01.01.2006 നാണ് കഴിഞ്ഞ തവണ ശമ്പളം പരിഷ്‌ക്കരിച്ചത്. 10 വർഷം കഴിയുമ്പോൾ ശമ്പള പരിഷ്‌ക്കരണം അനുവദിക്കണമെന്നതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തിൽ ശമ്പളം പരിഷ്‌കരിച്ച് അംഗീകാരം നൽകിയത്.

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം – സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ചുമതല

സെക്രട്ടറിയേറ്റിൽ സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികൾ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റിൽ നോർത്ത് സാന്റ്‌വിച്ച് ബ്ലോക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരം

2018 മൺസൂണിനുശേഷം സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് മലപ്പുറം കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ രൂക്ഷമായ കടലാക്രണത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. യാനങ്ങൽക്കും ഉപകരണങ്ങൾക്കുമുണ്ടായ പൂർണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉൾപ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിന് അനുവദിച്ചു.

2003 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
ആർ. സേതുനാഥൻ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയി പുനർനിയമിക്കാൻ തീരുമാനിച്ചു.

വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിഖിൽ എന്ന 7 വയസ്സുകാരൻ മരണപ്പെട്ടതിൽ കുട്ടിയുടെ രക്ഷകർത്താക്കൾക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.
കോട്ടയം ജില്ലാ കളക്ടർ ആയി വിരമിച്ച പി.കെ. സുധീർബാബുവിനെ കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി മാനേജിംഗ് ഡയറക്ടർ ആയി നിയമിക്കാൻ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതർ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്‌ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചു.

കേരള സർക്കാരിന്റെ കാര്യനിർവ്വഹണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിന് എ.കെ. ബാലൻ ചെയർമാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ അംഗങ്ങളാണ്.

വാഹനനികുതി ഒഴിവാക്കും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1 ന് ആരംഭിച്ച ക്വാർട്ടറിലെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ ബസുകളുടെ 2020 ഏപ്രിൽ 1 മുതൽ സെപ്തംബർ വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിയിലെ ജീവനക്കാരുടെ നിലവിലുള്ള അലവൻസുകൾ അനുവദിച്ചും പരിഷ്‌ക്കരിച്ചും നൽകാൻ തീരുമാനിച്ചു.

നിയമനങ്ങൾ

അവധികഴിഞ്ഞ് തിരികെ പ്രവേശിച്ച ജാഫർ മാലികിനെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. അദ്ദേഹം സ്മാർട്ട് സിറ്റി കൊച്ചി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല കൂടി വഹിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകൾക്കു പുറമേ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.

കോവിഡ്കാല ധനസഹായമായി സ്‌കൂൾ ഉച്ചഭക്ഷ പാചക തൊഴിലാളികൾക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്നും അനുവദിക്കുവാൻ തീരുമാനിച്ചു.