ചാലിയാർ കേന്ദ്രീകരിച്ച് വാട്ടർ അതോററ്റി നടത്തുന്ന കുടിവെള്ള വിതരണം രണ്ടു ദിവസത്തിനകം പുന:രംഭിക്കാൻ കഴിയുമെന്ന് ജില്ലാകലക്ടർ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റിൽ ചേർന്ന ചാലീയാർ തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. ചാലിയാറിൽ കാണുന്ന പച്ച നിറത്തിലുള്ള ആൽഗകൾ അപകടം നിറഞ്ഞതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കിയതായി ജില്ലാ കലക്ടർ പറഞ്ഞു. എന്നാലും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി വെള്ളം കോഴിക്കോട് സി.ഡബ്യൂ.ആർ.ഡി.എം ന് നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിസൾട്ട് ലഭിക്കും. ഇതോടെ പമ്പിംഗ് നടപടികൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പഞ്ചായത്തുകളുടെ സഹകരണത്തോടെ പുഴയിൽ കെട്ടിക്കിടക്കുന്ന ആൽഗകൾ ഇളക്കി കളയുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തോണികളോ ജലം മലിനമാക്കാത്ത പുതിയ ബോട്ടുകളോ ഉപയോഗിക്കാവാനും നിദ്ദേശിച്ചിട്ടുണ്ട്. പദ്ധതി വിജയിക്കുന്നില്ലെങ്കിൽ മമ്പാട് ഒടായിക്കൽ റഗുലേറ്ററിന്റെ ഷട്ടർ ചെറുതായി തുറന്ന് വെള്ളം തള്ളി വിടാനും ജില്ലാ കലക്ടർ ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയർക്കും മമ്പാട് പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി. അടിയന്തിരമായി പഞ്ചായത്തുകളിലെ കുടിവെള്ളം പരിഹരിക്കുന്നതിന് ചീക്കോട് പദ്ധതിയിൽ വെള്ള മെടുത്ത് വിതരണം ചെയ്യാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതിനായി മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാങ്കർ ലോറികൾ ഉപയോഗിക്കാം.

വട്ടപ്പാറയിലെ അപകട പരമ്പര ; പരിഹാരം ദേശീയ പാത മാത്രം

വട്ടപ്പാറയിലെ തുടർച്ചയായി നടക്കുന്ന അപകട പരമ്പരകൾക്ക് ശ്വശത പരിഹാരം ദേശീയ പാതയുടെ നിർമ്മാണം മാത്രമാണന്ന് ജില്ലാ കലക്ടർ അമിത് മീണ പറഞ്ഞു. ഓരോ അപകടങ്ങൾ നടക്കുമ്പോഴുള്ള പരിഷ്‌കാരങ്ങൾ മേഖലയിൽ അപകടത്തിന് അറുതി വരുത്തിയതായി കാണുന്നില്ല. നിലവിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ചു പ്രദേശത്ത് ചെയ്യാൻ പറ്റുന്ന പ്രവർത്തിയെ പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണ വിഭാഗം ഡപ്യുട്ടി കലക്ടറെ ജില്ലാ കലക്ടർ ചുമതലപെടുത്തി.
പുതിയ ഡ്രൈവർമാരാണ് മേഖലയിൽ കൂടുതൽ അപകട മുണ്ടാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് ദേശിയ പാതാ വിഭാഗം എക്‌സിക്യൂട്ടിവ എഞ്ചിനിയർ സി.കെ.മുഹമ്മദ് ഇസ്മായിൽ അറിയിച്ചു. ഇത്തരം ഡ്രൈവർമാർക്ക് തുടർച്ചയായ രണ്ടു വളവുകളെ നേരിടാൻ കഴിയാതെ പോകുന്നു. ഇതിനു പുറമെ ദ്രാവകം കയറ്റി വരുന്ന വാഹനങ്ങൾക്ക് വളവിൽ നിയന്ത്രിക്കാൻ കഴിയാത്തതും അപകടത്തിനു കാരണമാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അപകടം ഇത്തരം കാരണം കൊണ്ടല്ല. നിലവിൽ ദേശീയ പാതയുടെ പദ്ധതി നിലനിൽക്കുന്നതിൽ വട്ടപ്പാറ വളവിൽ വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ അപകടം കുറക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഈ എയിഡ് പോസ്റ്റിന്റെ പ്രവർത്തനത്തിനു പോലീസിന് പുറമെ സന്നദ്ധ പ്രവർത്തകരെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് എല്ലാ ഭാഷയുലുമുള്ള അടയാള ബോർഡുകൾ സ്ഥാപിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശത്ത് ലൈറ്റുകൾ ഉടൻ സ്ഥാപിക്കും.

ഇലക്ട്രിക്ക് തൂണുകളിൽ നിന്ന് കൊടികളും തോരണങ്ങളും നീക്കം ചെയ്യണം 

കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലും വൈദ്യുതി ലൈനുകൾക്കും ട്രാൻസ്‌ഫോർമറുകൾക്കും സമീപത്തും സ്ഥാപിച്ച ബാനറുകളും കൊടികളും തോരണങ്ങളും മാർച്ച് 21നകം നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ കൊടി തോരണങ്ങളും ബാനറുകളും ബോർഡുകളും മറ്റും സ്വന്തം ഉത്തരവാദിത്വത്തിൽ അഴിച്ചുമാറ്റണം. കൂടാതെ ഉത്സവ ഘോഷയാത്രകളിലും മറ്റും വലിയ കോലങ്ങൾ, കട്ടൗട്ടുകൾ എന്നിവ എഴുന്നള്ളിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ രേഖാമൂലം വിവരം നൽകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മാലിന്യ സംസ്‌കരണത്തിനു സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകരുത്

മാലിന്യം സംസ്‌കരണത്തിനും നിർമാർജനത്തിനും സൗകര്യം ഏർപ്പെടുത്താത്ത സ്ഥപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്ന് യോഗത്തിൽ പങ്കെടുത്ത ചാലിയാർ പ്രദേശത്തെ സെക്രട്ടറിമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതിനു പുറമെ പോലീസ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സ്‌ക്വാഡ് രൂപീകരിച്ച് ഇന്നു( മാർച്ച് 8) മുതൽ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കണം. ഇതിനായി പൊതുജനങ്ങളുടെ സഹകരണവും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർക്ക് മൂന്ന് ദിവസത്തിനകം നൽകണം.
പുഴയിലേക്ക് വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മാലിന്യം നീക്കം ചെയ്യുന്ന കുഴലുകളോ മറ്റു മാർഗ്ഗങ്ങളോ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ അടക്കണം. ഇത്തരം മാർഗ്ഗങ്ങൾ നീക്കം ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്ത് വിവരം റിപ്പോർട്ട് ചെയ്യാനും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. മാലിന്യ നിക്ഷേപം തടയുന്നതിന് സി.സി.ടി..വി.ക്യാമറ വക്കുന്ന പഞ്ചായത്ത് പദ്ധതികൾക്ക് പെട്ടന്ന് അനുമതി നൽകും. പഞ്ചായത്ത പരിധിയിൽ സന്നദ്ധ സംഘടനുകളുടെയും സഹകരണത്തോടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ചാലിയാറിനെ കേന്ദ്രീകരിച്ച ആസൂത്രണം ചെയ്യാനും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
ചാലിയാർ നദിക്ക് സമീപമുള്ള ഒരു പ്രമുഖ റിസോർട്ടിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളിവിടുന്നതായി വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടയിന്തിരമായി നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിദ്ദേശം നൽകി. ആവശ്യമെങ്കിൽ ഇതിന് പോലീസ് സഹായം നൽകാൻ യോഗത്തിൽ പങ്കെടുത്ത ഡി.വൈ.എസ്.പി.ഉല്ലാസിനോട് കലക്ടർ നിദ്ദേശിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണൻ,നിലമ്പൂർ ബ്ലോക്ക് പ്രസിഡന്റ് വി.പി.സുഗതൻ,ഡപ്യുട്ടി കലക്ടർ സി.അബ്ദുൽ റഷീദ്,ഡി.വൈ.എസ്.പി. എം.ഉല്ലാസ്, ജില്ലാ മെഡിക്കൽ ഓഫസിർ കെ.സക്കിന, ഗ്രൗണ്ട് വാട്ടർ ജില്ലാ ഓഫിസർ സി. ഉപേന്ദ്രൻ.,പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയർ സി.കെ.മുഹമ്മദ് ഇസ്മായിൽ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീനിവാസൻ. പി.തുടങ്ങിയവർ പങ്കെടുത്തു.