ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്  

തൃശൂർ: കൊടുങ്ങല്ലൂരിന്റെ ചരിത്രം തിരഞ്ഞെത്തുന്നവരെ വരവേല്‍ക്കാനൊരുങ്ങുകയാണ് മുസിരിസ് വിസിറ്റേഴ്‌സ് സെന്റര്‍. കോവിഡ് കാലം കഴിഞ്ഞ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട ചരിത്രസ്മാരകങ്ങളും പൈതൃക പ്രദേശങ്ങളും കാണാനെത്തുന്നവര്‍ക്കുള്ള വിശ്രമ സങ്കേതം കൂടിയാകും ഈ കേന്ദ്രം.

ദേശീയപാത 17ല്‍ അശോക തീയേറ്ററിന് കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റര്‍, പ്രദേശത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് പദ്ധതിയെക്കുറിച്ച് പൂര്‍ണ്ണവിവരങ്ങള്‍ പരിചയപ്പെടുത്തുന്നു. കൊടുങ്ങല്ലൂര്‍ നഗരസഭ കൈമാറിയ മൂന്ന് ഏക്കര്‍ സ്ഥലത്ത് രണ്ടു നിലകളിലായി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സഞ്ചാരികളെ കാത്ത് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു മ്യൂസിയവും ഉടന്‍ തന്നെ ആരംഭിക്കും. ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍, മണി എക്‌സ്‌ചേഞ്ച്, കഫ്റ്റീരിയ, വലിയ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം, ശുദ്ധജല സംവിധാനങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കും. സെന്ററിനോട് ചേര്‍ന്നുള്ള ബസ്റ്റാന്‍ഡ് സമുച്ചയവും മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് കൈമാറിയിരുന്നു. സെന്ററിനായി നഗരസഭയുടെ മൂന്ന് ഏക്കറോളം സ്ഥലം മുസിരിസ് പൈതൃക പദ്ധതിക്ക് വിട്ടു കൊടുത്തപ്പോള്‍ ഉണ്ടാക്കിയ കരാറാണ് നഗരസഭയുടെ 75 സെന്റ് സ്ഥലത്ത് ബസ്റ്റാന്‍ഡ് നിര്‍മ്മിച്ചു നല്‍കാമെന്നത്. സെന്ററിനോടൊപ്പം ദേശീയപാതയില്‍നിന്ന് 150 മീറ്ററോളം ദൂരത്തില്‍ റോഡും ആധുനികവല്‍ക്കരിച്ചിട്ടുണ്ട്.

പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിസിറ്റേഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സെപ്റ്റംബര്‍ 7ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് മുഖ്യാതിഥിയാകും.