ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിർവഹിക്കും
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് വ്യാഴാഴ്ച സെപ്തംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡിക്കൽ ഡിവൈസസ് പാർക്ക് ഒരുങ്ങുന്നത്.
ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ഡിവൈസസ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്.
ലൈഫ് സയൻസ് പാർക്കിലെ ഒമ്പത് ഏക്കർ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാർക്ക് ഉയരുക. 150 കോടി സംസ്ഥാന വിഹിതവും ബാക്കി വരുന്ന 80 കോടി കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളിൽ നിന്നും ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജമാക്കുക. ഒന്നാം ഘട്ട നിർമ്മാണത്തിന്റെ 62 കോടിയുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തീകരിച്ചു. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ (എസ്.സി.ടി.ഐ.എം.എസ്.ടി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആഗോള സ്വീകാര്യത ഉറപ്പാക്കാൻ മെഡിക്കൽ ഡിവൈസ് ടെസ്റ്റിംഗ് ആൻഡ് ഇവാല്യുവേഷൻ സെന്റർ, ഗവേഷണത്തിനും ഉപകരണ വികസനത്തിനും റിസേർച്ച് ആൻഡ് ഡവലപ്മെന്റ് റിസോഴ്‌സ് സെന്റർ, തുടർപരിശീലനം, നിയമസഹായം, ക്ലിനിക്കൽ ട്രയൽ എന്നിവയുമായി ബന്ധപ്പെട്ട് നോളജ് സെന്റർ, സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കമ്പനികൾക്ക് പാട്ടത്തിന് നൽകുന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കും.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ലൈഫ് സയൻസ് പാർക്കിൽ നിലവിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ കീഴിൽ വൈറോളജി ഇൻസ്റ്റിറ്യൂട്ട് പ്രവർത്തിക്കുന്നുണ്ട്. മരുന്നുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പരീക്ഷണം നടത്താൻ 80,000 ചതുരശ്ര അടിയിൽ ബയോടെക്ക് ലാബിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 2021ൽ ഇത് പ്രവർത്തനമാരംഭിക്കും. ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ് എന്നിവ ഉൾപ്പെടുന്ന ലൈഫ് സയൻസസ് മേഖലയിലെ വ്യവസായങ്ങളുടെയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെയും ഹബ്ബായി മാറ്റുകയാണ് സർക്കാർ.
രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷനാകും. ഡപ്യൂട്ടി സ്പീക്കർ വി.ശശി സ്വാഗതം പറയും.