യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എപിജെ അബ്ദുല്‍ കലാം ജി എച്ച്എസ്എസ് സ്‌കൂളില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍ അധ്യക്ഷത വഹിച്ചു.
ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹെല്‍ത്ത് സ്‌ക്രീനിംഗ് നടത്തുന്നതിനായുള്ള ആരോഗ്യ പരിശോധനാ കാര്‍ഡ് ഡി എം ഒ യുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ് കൈമാറി. എ പി ജെ അബ്ദുള്‍ കലാം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജനി രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ജി റാവു സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി വിശദീകരിച്ചു.കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ബോധവത്ക്കരണ പോസ്റ്ററുകളുടെ പ്രകാശനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി എന്‍,ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, യു.പി.എച്ച്.സി പാറക്കടവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ചു, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തൊടുപുഴ മെഡിക്കല്‍ ഓഫീസറും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് മെമ്പറുമായ ഡോ. അയ്യപ്പദാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ഷൈലാഭായി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കവിത, യുപി എച്ച് സി പാറക്കടവ് ജെ പി എച്ച് എന്‍ ശ്രീമതി രജനി, ആര്‍ ബി എസ് കെ നഴ്‌സുമാര്‍, എംഎല്‍എസ്പിമാര്‍, ആശമാര്‍ , അധ്യാപകര്‍ അനധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കുട്ടികള്‍ക്ക് ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഇത് ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡായി മാറ്റി പൂര്‍ണ്ണ സ്വകാര്യതയോടെയും സുരക്ഷിതത്വത്തോടെയും ഡേറ്റ സൂക്ഷിക്കും. അടിയന്തരഘട്ടത്തില്‍ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് സഹായകമാകും. എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലിയും ഹെല്‍ത്ത് കോര്‍ണറും ഉണ്ടാകും. ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ വകുപ്പുമായി
ചേര്‍ന്ന് തയ്യാറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കും. ഈ അധ്യാപകര്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കും. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെല്‍ത്ത് അംബാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും ഇവരിലൂടെ അധ്യാപകന്‍ നല്‍കുന്ന വിവരങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കും.
