* ലോകോത്തര കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ
* മുഖ്യമന്ത്രി 9ന് ഉദ്ഘാടനം നിർവഹിക്കും
കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിലെ 12.63 ഏക്കർ സ്ഥലത്ത് 63 ലക്ഷം ചതുശ്ര അടി വിസ്തീർണമുള്ള 9 നില കെട്ടിടമാണ് കാൻസർ സെന്ററിനായി നിർമ്മിച്ചിരിക്കുന്നത്. ഉപകരണങ്ങൾ ഉൾപ്പെടെ 450 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 12 ഓപ്പറേഷൻ തിയേറ്ററുകളുണ്ട്. ഇതിൽ ഒന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. മറ്റ് കാൻസർ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്.
സ്‌കാനിങ്, എക്സറേ, റേഡിയേഷൻ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എ.ഐ. സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എഡ്ജ് സർട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമാണിത്. ഇപ്പോൾ ആവശ്യമായിട്ടുള്ള വൈദ്യുതി പൂർണമായും സോളാർ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെട്ടിടം 25 ശതമാനം കാർബൺലെസ് ആണ്. 2050 ൽ കേരളം പൂർണമായും കാർബൺ ന്യൂട്രൽ ആവുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീൻ ബിൽഡിങാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ.
ഉപകരണങ്ങൾ ഉൾപ്പെടെ 450 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് വൈകുന്നേരം 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തും.
കാൻസർ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ ഒരു ആധുനിക കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രമാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കാൻസർ രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. വളരെയേറെ രോഗികൾക്ക് ഇതാശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
