കോവിഡ് പ്രതിസന്ധിയിൽ തകർച്ച നേരിടുന്ന  രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകർക്കും തൊഴിലാളികൾക്കുമായി പ്രത്യേക വായ്പാ പദ്ധതികളും സാമ്പത്തിക ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കണം.

കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേൽ വിളിച്ചു ചേർത്ത വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സംരംഭകർക്കും ഈ മേഖലയിലെ തൊഴിലാളികൾക്കും അംഗീകൃത ഗൈഡുകൾക്കുമായുള്ള സബ്‌സിഡിയോടെയുള്ള വായ്പാപദ്ധതിയാണ് ഇതിൽ പ്രധാനം.

ഹൗസ്‌ബോട്ടുകളുടെ മെയിന്റനൻസിനായി 1.2 ലക്ഷം വരെ തിരിച്ചടവില്ലാത്ത പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ടൂറിസം മേഖലയിൽ പ്രത്യേക നികുതിയിളവുകളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.
സംസ്ഥാനങ്ങൾക്കിടയിലുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുവാൻ വേണ്ട ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിക്കണം.

കോവിഡ് സാഹചര്യത്തിൽ  മറ്റേത് മേഖലയെക്കാളും തിരിച്ചടി നേരിട്ട  ടൂറിസം മേഖലയുടെ പൂർണമായ തിരിച്ചുവരവ് വൈകുമെന്നതിനാൽ ടൂറിസം സംരഭകരുടെ വായ്പകൾക്ക് 2021 മാർച്ച് വരെയെങ്കിലും മൊറട്ടോറിയം നീട്ടണമെന്ന് മന്ത്രി യോഗത്തിൽ നിർദേശിച്ചു. ആഭ്യന്തര ടൂറിസം രംഗത്തിന്റെ ഉണർവിനായി കേന്ദ്രം പ്രത്യേക മാർക്കറ്റിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കണം. ടൂറിസം മേഖലയിലെ പ്രതിസന്ധി  അതിജീവിക്കാൻ കൂട്ടായ പരിശ്രമവും നിരന്തര ആശയവിനിമയവും  ഇടപെടലും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ലോക്ക്ഡൗൺ കാലയളവിൽ വിദേശവിനോദസഞ്ചാരികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നടത്തിയ നടപടികൾ അഭിനന്ദനാർഹമാണെന്നും യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേൽ പറഞ്ഞു.

സ്വന്തം രാജ്യത്തെക്കാൾ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കേരളത്തിലാണെന്നും ഇവിടെ തന്നെ തങ്ങുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശവിനോദസഞ്ചാരി ഹൈക്കോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ടൂറിസം മന്ത്രിമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടൂറിസം മന്ത്രിമാർ, കേന്ദ്ര ടൂറിസം സെക്രട്ടറി, സംസ്ഥാന ടൂറിസം സെക്രട്ടറിമാർ, മറ്റ് ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.