വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തി

രജികുമാർ എം.എൻ മാളികപ്പുറം മേൽശാന്തി


ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു.

5.45 മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തർ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനത്തിന് എത്തി തുടങ്ങി.തമിഴ്നാട്, ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദർശനത്തിനായി മല ചവിട്ടിയത്. 7.30 ന് ഉഷപൂജ.പൂജ കഴിഞ്ഞ് 8 മണിക്ക് തന്നെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു.

ആദ്യം ശബരിമല മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ട 9 ശാന്തിമാരുടെയും പേരുവിവരങ്ങൾ സ്പെഷ്യൽ കമ്മീഷണർ ഉറക്കെ വായിച്ചു.അതിനു ശേഷം ശബരിമല മേൽശാന്തി യോഗ്യതാ പട്ടികയിൽ ഇടം നേടിയ 9 പേരുടെ പേരുകൾ എഴുതിയ തുണ്ട് കടലാസുകൾ, പേരുകൾ വീണ്ടും വായിച്ച ശേഷം നറുക്കെടുപ്പിന് സാക്ഷിയായവരെ സ്പെഷ്യൽ കമ്മീഷണർ അത് ഉയർത്തി കാട്ടി. തുടർന്ന് അവ ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തിൽ നിക്ഷേപിച്ചു.രണ്ടാമത്തെ വെള്ളി പാത്രത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, 8 ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിക്കുകയായിരുന്നു. പിന്നേട് ഇരു പാത്രങ്ങളും അയ്യപ്പൻ്റെ പാദാരവിന്ധങ്ങളിൽ വച്ച് പൂജിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് കൈമാറി. പൂജയ്ക്ക് ശേഷം തട്ടം പുറത്തേക്ക് നൽകി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ കൗശിക് വർമ്മ ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.ഏഴാമത്തെ നറുക്കിലൂടെ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേൽശാന്തി ആയി ജോലി നോക്കിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിയോഗിച്ച നറുക്കെടുപ്പ് നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ തുടങ്ങിയവർ നറുക്കെടുപ്പിന് സാക്ഷികളായി. ശബരിമല മേൽശാന്തി നറുക്കെടുപ്പിന് പിന്നാലെ തന്നെ മാളികപ്പുറം ക്ഷേത്രത്തിനു മുന്നിലായി, ശബരിമല മേൽശാന്തി നറുക്കെടുപ്പ് രീതിയിൽ മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടന്നു. എറണാകുളം അങ്കമാലി സ്വദേശി മൈലക്കോടത്ത് മനയിൽ എം.എൻ.രജികുമാർ ആണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തത്. 5-ാം മ ത്തെ നറുക്കാണ് രജികുമാറിന് ലഭിച്ചത്. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ഋഷികേശ് വർമ്മയാണ് ഇവിടെ നറുക്കെടുത്തത്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15 ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിയിൽ ദർശനത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മലകയറി അയ്യപ്പദർശനം പൂർത്തിയാക്കിയ അയ്യപ്പഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ് എന്നിവ ലഭ്യമാക്കാനും സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് – 19 സുരക്ഷാമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് അയ്യപ്പ ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് അന്നദാനവും നൽകുന്നുണ്ട്.