കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ നല്‍കിയ കരുതല്‍ ‘കാസര്‍കോടിന് കരുതല്‍’ എന്ന ഹാഷ്ട് ടാഗില്‍ ഷോര്‍ട്ട് വീഡിയോകളായും ലഘുലേഖകളായും ഡോക്യുമെന്ററിയായും ഡിജിറ്റര്‍ പോസ്റ്ററുകളായുമെല്ലാം ഇനി ജനങ്ങളിലേക്കെത്തും. വിവിധ മിഷനുകളിലൂടെയും പഞ്ചായത്ത് സംവിധാനത്തിലൂടെയും സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്കെത്തുന്നത് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രാദേശിക വികസന ക്യാമ്പയിനിലൂടെയാണ്. പ്രാദേശിക വികസന ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മലയാളം, കന്നഡ ലഘുലേഖകളുടെ പ്രകാശനവും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങചന്റ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. സബ് കളക്ടര്‍ ഡി ആര്‍ മേഖശ്രീ, എ ഡി എം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വിവിധ മിഷനുകളിലൂടെ ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങള്‍, വിവിധ മേഖലകളിലെ വികസന നേട്ടങ്ങള്‍ എന്നിവയെല്ലാം വിശദമായി ഉള്‍ക്കൊള്ളിച്ചാണ് മലയാളത്തിലും കന്നഡയിലും ലഘുലേഖകള്‍ തയ്യാറാക്കിയിട്ടുള്ളത്.