ആലപ്പുഴ : ജൈവമാലിന്യ സംസ്ക്കരണ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച് മുഹമ്മ ഗ്രാമ പഞ്ചായത്ത്. ജൈവമാലിന്യം മനുഷ്യന് ഉപകാരപ്രദമായി തീര്‍ക്കുന്ന നൂതന രീതിയുടെ ഉദ്ഘാടനം എ എം ആരിഫ് എം പി നിര്‍വഹിച്ചു. വലിയ മുതല്‍ മുടക്കില്ലാത്ത ബയോപോഡ് എന്ന മാലിന്യ സംസ്കരണ മാതൃകയാണ് പഞ്ചായത്ത് നടപ്പാക്കിയിരിക്കുന്നത്.
വീടുകളിലെ ജൈവ മാലിന്യത്തില്‍ നിന്നും വരുമാനം കണ്ടെത്താം എന്നതാണ് പദ്ധതിയുടെ സവിശേഷത. വളരെ ലളിതവും ചെലവുകുറഞ്ഞതുമായ ബയോപോഡ് എന്ന മാതൃകയാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഒരു വലിയ പ്ലാസറ്റിക് ബക്കറ്റും ഒരു ചെറിയ ബക്കറ്റും ചെറിയ രണ്ട് പി വി സി പൈപ്പുകളുമാണ് നിര്‍മ്മാണത്തിന് ആവശ്യം .
മുഹമ്മ ഗ്രാമപഞ്ചായത്തും എട്രീ (അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്) സംയുക്തമായി ആന്‍ട്രിക്സ് കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ സഹായത്താല്‍ നടത്തുന്ന 63 കോഴിവളര്‍ത്തല്‍ യൂണീറ്റുകള്‍ക്കും മീന്‍വളര്‍ത്തല്‍ യൂണീറ്റുകള്ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ബയോ പോഡുകള്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ . ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മായാമജു, സി ബി ഷാജികുമാര്‍, ഡി സതീശന് , സിന്ധു രാജീവ് , എം എസ് ലത, പഞ്ചായത്ത് സെക്രട്ടറി പി വി വിനോദ് എന്നിവര്‍ പങ്കെടുത്തു.90