എറണാകുളം : മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. എന്നാൽ അധികാരമുണ്ട് എന്നതാണ് ഉത്തരം.
മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള് മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസം അയോഗ്യത കല്പ്പിക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട് .
മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുളള അധികാരം ഉപയോഗിച്ച് കേരളത്തിൽ
പിഴത്തുക 500 രൂപയായി കുറച്ചിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 200-ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റെഫ്രഷര്‍ ട്രെയിനിംഗ് കോഴ്സ്, കമ്മ്യൂണിറ്റി സര്‍വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നിന്ന് ഡ്രൈവര്‍മാരെ ഒഴിവാക്കുന്നില്ല.
2020 ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പോലീസ് ഓഫീസര്‍ക്ക് പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിംഗ് അധികാരിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്പ്പിക്കാന് ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരം നല്കിയിരിക്കുന്നു. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.