കിഫ്ബി പദ്ധതിയിലൂടെ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാകുന്ന കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലെ ഫ്ളെഡ് ലൈറ്റ് വനം വകുപ്പ് മന്ത്രി കെ.രാജു സ്വിച്ച് ഓണ്‍ ചെയ്തു. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബിയില്‍ പണിതീരുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം.
 ഭൂമി ഏറ്റെടുക്കല്‍ നടപടിയിലൂടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത അഞ്ചര ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ പകുതിയിലേറെ സ്ഥലവും പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തില്‍ കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പല ഘട്ടങ്ങളിലായി തുക 14.10 കോടി രൂപയായി ഉയര്‍ത്തി.
കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടെ കുട്ടികള്‍ക്കുള്ള പരിശീലനം നടക്കുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണു പരിശീലനം നടത്തിവരുന്നത്. പരിശീലനം നല്‍കുന്നതിനുവേണ്ടി ഒരു സ്പോര്‍ട്സ് & ഗെയിംസ് അക്കാദമിയും  സ്ഥാപിച്ചിട്ടുണ്ട്.
കിഫ്ബി പദ്ധതിയില്‍ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാകുന്ന കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റ് വനം വകുപ്പ് മന്ത്രി കെ.രാജു സ്വിച്ച് ഓണ്‍ ചെയ്യുന്നു.
അത്യാധുനിക നിലവാരത്തിലുള്ള സ്‌റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഷട്ടില്‍ കോര്‍ട്ടുകള്‍, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ത്രോ, ജംബ് ഇനങ്ങള്‍ക്കുള്ള സൗകര്യം, കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, പൊതുആവശ്യത്തിനുള്ള ടോയ്ലറ്റുകള്‍, ചുറ്റുമതില്‍, ഫ്ളഡ്ലൈറ്റ് സംവിധാനം, മഴപെയ്താല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനം, ആധുനിക ജിം, ഗാലറി തുടങ്ങി  ആധുനിക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
ചിറ്റയം ഗോപകുമാര്‍  എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എ മാരായ വീണാ ജോര്‍ജ്, രാജു എബ്രഹാം, അഡ്വ.കെ.യു ജനീഷ് കുമാര്‍,  സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.