കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് അരിയും അവശ്യസാധനങ്ങളും കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍.
എറണാകുളം പുത്തന്‍കുരിശില്‍ സപ്്ളൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്ക് വാഹന ഉടമകളുമായി അവസാനവട്ട ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
എല്ലാവരും സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും  സാധനങ്ങള്‍ വാങ്ങണം. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ എല്ലാവരിലും എത്തുന്നില്ല. ഇത് പരിഹരിക്കാന്‍ പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കും. എല്ലാവര്‍ക്കും ഭക്ഷവസ്തുക്കള്‍ ലഭ്യമാകുന്നുണ്ടെന്ന് ഇതുവഴി ഉറപ്പുവരുത്താന്‍ സധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ. അയ്യപ്പന്‍കുട്ടി, പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക നന്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന കുര്യാക്കോസ്,  ഗീത സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.പോള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.വിശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.