കൊല്ലം കോര്‍പ്പറേഷന്റെ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയായ ഞാങ്കടവ് പദ്ധതിയില്‍പെട്ട 100 എം എല്‍ ഡി ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണോദ്ഘാടനം പുന്തലത്താഴം വസൂരി ചിറയില്‍ നടന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കൊല്ലം ജില്ലയ്ക്ക് 1600 കോടി രൂപയുടെ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി മന്ത്രി അറിയിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ശിലാഫലകം അനാച്ഛാദനം ചെയ്തു. ശുദ്ധജല വിതരണ പദ്ധതിയില്‍ കൊല്ലം ജില്ല സമ്പൂര്‍ണ്ണത നേടിവരുന്നതായി മന്ത്രി പറഞ്ഞു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊല്ലം കോര്പ്പറേഷന്, കൊറ്റങ്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ 4.35 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. 327.08 കോടി രൂപയാണ് ആകെ ചെലവ്. കൊല്ലം കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടുകൂടി അമൃത് പദ്ധതിയില്‍ 92.58 കോടി രൂപയ്ക്കും സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ 235 കോടി രൂപയ്ക്കുമാണ് ഭരണാനുമതി ലഭിച്ചത്. 2021 നവംബറോടെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
