മലയോര മേഖലയിലെ ആദ്യ ഹൈടെക് കായിക സംരംഭമായ പെരിങ്ങമ്മല സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഉദ്ഘാടനം നവംബര്‍ 2 രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് സ്‌പോര്‍ട്‌സ് ഹബ്ബും ഇന്‍ഡോര്‍ സ്റ്റേഡിയവും യാഥാര്‍ത്ഥ്യമാക്കിയത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിനോട് ചേര്‍ന്ന് 50 സെന്റ് സ്ഥലത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈടെക് സ്‌പോര്‍ട്‌സ് ഹബ്ബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പി.വി.സി ഫ്േളാറിങ് ചെയ്ത ബാഡ്മിന്റണ്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, തടി പാകിയ വോളിബോള്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ്‌ബോള്‍ , കബഡി കോര്‍ട്ടുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് നെറ്റ്‌സ് , വീഡിയോ കോണ്‍ഫറന്‍സിംഗ് ഹാള്‍, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുക്കട എന്നിവിടങ്ങളിലും സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ മിതൃമല യിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
പെരിങ്ങമ്മല സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ അധ്യക്ഷനാകും. മിനി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ടൂറിസം- ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ക്രിക്കറ്റ് നെറ്റ്സിന്റെ ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എയും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മറ്റു ജനപ്രതിനിധികള്‍
തുടങ്ങിയവര്‍ സംബന്ധിക്കും.