തിരുവനന്തപുരം: വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച മിനിയേച്ചര്‍ ട്രെയിന്‍, അര്‍ബന്‍ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വേളിയുടെ മുഖച്ഛായ മാറ്റുന്നതിനായി 60 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതിയാണ് വേളിയില്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം ട്രെയിന്‍ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഇവിടെ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ. എസ്. ഇ. ബിക്ക് നല്‍കുമെന്നും ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്ലാന്റ് നാച്വറല്‍ പാര്‍ക്ക് എന്നിവ വേളിയുടെ മുഖഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തു കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. ഒരേ സമയം 50 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാനാവും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. ടണല്‍, റെയില്‍വേ പാലം എന്നിവയുമുണ്ട്.

ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും വേളിയില്‍ സജ്ജമാകുന്നുണ്ട്.  2.47 കോടി രൂപ ചെലവഴിച്ചാണ് വേളിയില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയിരിക്കുന്നത്.  ആംഫി തിയേറ്റര്‍, നടപ്പാത, അലങ്കാരവിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.  രണ്ടരക്കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്വിമ്മിങ് പൂള്‍ നിര്‍മിച്ചിട്ടുള്ളത്. വേളി അര്‍ബന്‍ പാര്‍ക്കിന് അഞ്ചുകോടിയാണ് ചെലവ്.  ലാന്റ് സ്‌കേപ്പിങ്, ഫുഡ് കോര്‍ട്ട് എന്നിവയും ഇതിനോടൊപ്പം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

ടൂറിസ്റ്റ് കേന്ദ്രത്തിന്റെ എതിര്‍വശത്തായി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നുണ്ട്. ഇതിനായി 3.6 കോടി രൂപയാണ് വിനിയോഗിക്കുന്നത്.  ഡിസംബറില്‍ പൂര്‍ത്തിയാക്കും.  ഇതിനുപുറമെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തീയേറ്റര്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍, 9.5 കോടി രൂപയുടെ വേളി ആര്‍ട്ട് കഫെ, വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹാളുകള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍,അര്‍ബന്‍ വെറ്റ്ലാന്റ് നാച്വറല്‍ പാര്‍ക്ക് എന്നിവയും നിര്‍മിക്കുന്നുണ്ട്.  29 ലക്ഷം രൂപ മുടക്കി 37 യൂണിറ്റ് സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചു.  ടൂറിസം സാധ്യത വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി മൂന്നു സ്പീഡ് ബോട്ട്, അഞ്ച് പെഡല്‍ ബോട്ട്, ഒരു സോളാര്‍ അസിസ്റ്റഡ് സഫാരി ബോട്ട് എന്നിവയും ഒന്നര കോടി രൂപയുടെ 100 ലൈഫ് ജാക്കറ്റുകളും അനുവദിച്ചിട്ടുണ്ട്.  തകര്‍ന്ന് നാശാവസ്ഥയിലായിരുന്ന കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശംഖിന്റെ ശില്‍പം 61 ലക്ഷം രൂപ മുടക്കി നവീകരിക്കുകയും ചെയ്തു.