കുണ്ടുമണിലെ  പ്രദേശവാസികളുടെയും കര്‍ഷകരുടേയും ദീര്‍ഘ നാളത്തെ അവശ്യമായ കുണ്ടുമണ്‍ മുസ്ലിം ജമാ അത്ത്-ഏലാ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തുടക്കമായി.
നിര്‍മ്മാണോദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കര്‍ഷക ഗ്രാമമായ കുണ്ടുമണിലെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  പുത്തനുണര്‍വേകാന്‍ റോഡ് നിര്‍മാണത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍ അധ്യക്ഷനായി.
58 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. കുണ്ടുമണില്‍ നിന്നും സമീപത്തെ പ്രധാന ടൗണായ ചാത്തന്നൂരിലേക്കും മറ്റ്  സര്‍ക്കാര്‍ ഓഫീസുകളിലേക്കുമുള്ള യാത്ര സുഗമമാക്കാന്‍ റോഡിനു കഴിയും.
വാര്‍ഡ് അംഗം റാഫി നമ്പ്യാതിയില്‍, നെടുമ്പന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി എന്‍ മന്‍സൂര്‍, സംഘടക സമിതി ചെയര്‍മാന്‍ നജീം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.