തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതികളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നീതി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കേസുകളുടെ എണ്ണം, എത്തിച്ചേരാനുള്ള സൗകര്യം, അടിസ്ഥാനസൗകര്യ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് കോടതികള്‍ക്കായുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച അഞ്ച് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ ഒന്നാണ് നെയ്യാറ്റിന്‍കരയിലേത്. പുതിയ പോക്‌സോ കോടതിയില്‍ ജഡ്ജിയായി സുഭാഷ്.എസിനെ നിയമിച്ചു. നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ എം.എ.സി.ടി ജഡ്ജി വെങ്കടേശ് റാവു അധ്യക്ഷത വഹിച്ചു. എം.എല്‍.എ. കെ.ആന്‍സലന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമലാസനന്‍, സെക്രട്ടറി അജിത് തങ്കയ്യ, റൂറല്‍ എസ്.പി. അശോകന്‍, മുന്‍സിഫ് ജഡ്ജി രാകേഷ് എന്നിവര്‍ പങ്കെടുത്തു.