കൊച്ചി: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി കുട്ടമ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ സംഘടിപ്പിച്ച പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിയ പട്ടയവിതരണത്തിലൂടെ പന്തപ്ര, പിണവൂര്‍കുടി നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. ജില്ലയില്‍ സംഘടിപ്പിച്ച നാല് പട്ടയമേളകളിലായി ഇതുവരെ 1641 പട്ടയങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ ഭൂരഹിതര്‍ക്കും നിയമാനുസൃതം പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിക്കുന്ന അവസഥ ഇനിയുണ്ടാകില്ല.
കൂട്ടമായി ജീവിക്കാനാഗ്രഹിക്കുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയാണ് ഭൂമി വിതരണം ചെയ്യുന്നത്. ആദിവാസികളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിന് ഭൂമി നല്‍കിയത് കൊണ്ടു മാത്രം കാര്യമില്ല. ജീവിക്കാനുള്ള മാര്‍ഗവും പിന്തുണയും ലഭ്യമാക്കണം. പട്ടിവര്‍ഗ, ഗോത്ര പുനരധിവാസം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ആദിവാസി ഊരുകളുടെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വനവിഭവ സമാഹരണത്തിനും അവയുടെ വിപണനത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനും ഗോത്ര വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കും. പട്ടികവര്‍ഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. തേന്‍, പച്ചമരുന്ന്, ഔഷധച്ചെടി ശേഖരണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. അംബേദ്കര്‍ ഊര് വികസന പദ്ധതി പ്രകാരം 102 ഊരുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗോത്ര വന മേഖലയിലുള്ളവര്‍ക്ക് 200 ദിവസങ്ങള്‍ തൊഴില്‍ ഉറപ്പാക്കുന്നുണ്ട്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്നതിനും നൈപുണ്യ വികസനത്തിനും തൊഴില്‍ വൈവിധ്യവത്കരണത്തിനും അതുവഴി ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഗോത്ര വിഭാഗങ്ങള്‍ക്ക് തനത് ചുറ്റുപാടുകളില്‍ തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ആദിവാസി വിഭാഗത്തിലുളള കുട്ടികളുടെ സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ ലഭ്യമാക്കുന്നതിന് 250 ഓളം യുവാക്കളെ മെന്റര്‍ അധ്യാപകരായി നിയോഗിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചന് പദ്ധതിയും നടപ്പാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന സൗകര്യം ലഭ്യമാക്കുന്നതിന് ഗോത്ര വാത്സല്യ നിധി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
പന്തപ്ര കോളനിയിലെ തങ്കപ്പന് കാമാക്ഷി, കുട്ടപ്പന് ഗോപാലന്, പെരുന്തമ്മ കൊച്ചുകുളന്തന് എന്നിവര്‍ക്ക് വേദിയില്‍ മുഖ്യമന്ത്രി വനാവകാശ രേഖ വിതരണം ചെയ്തു.
ട്രിബ്യൂണലുകളില്‍ ദീര്‍ഘനാളായി തീര്‍പ്പാകാതെ കിടക്കുന്ന പട്ടയവിതരണവുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം തീര്‍പ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. പട്ടയ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് 31 ട്രിബ്യൂണലുകളും 21 സ്പെഷ്യല്‍ ട്രിബ്യൂണലുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിന്ന് എറണാകുളം ജില്ലയിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശമായതിനാല്‍ നിരവധി പട്ടയ അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. ഇവയ്ക്ക് ജോയിന്റ് വെരിഫിക്കേഷന് ആവശ്യമുണ്ട്. ഇതും സമയബന്ധിതമായി പൂര്‍ത്തിയാക്കും. എല്ലാ ജില്ലകളിലും പട്ടയം ലഭിക്കാത്തതിനാല്‍ പ്രയാസപ്പെടുന്ന കര്‍ഷകരുടെ പ്രശ്നങഅങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 75 000 ത്തിലധികം പേര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാരിന് കഴിഞ്ഞു. ജന്മിമാരുടെ സൗകര്യത്തിനായി ട്രിബ്യൂണലുകളില്‍ ദീര്‍ഘകാലത്തേക്ക് കേസുകള്‍ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയും ഉണ്ടാകില്ല. ട്രിബ്യൂണല്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കി ക്രയസര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളനി നിവാസികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയുടെ പ്രഖ്യാപനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന് നിര്‍വഹിച്ചു. സര്‍ക്കാരിന്റ കാലാവധി അവസാനിക്കുമ്പോള്‍ ഭൂമിയില്ലാത്ത ഒരു പട്ടികവര്‍ഗ കുടുംബം പോലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ആദിവാസി മേഖലകളില്‍ ഭക്ഷണം കഴിക്കാതെ മരണം സംഭവിക്കുന്ന അവസ്ഥയും ഇനിയുണ്ടാകില്ല. അട്ടപ്പാടി മേഖലയില്‍ ഇപ്പോള്‍ ശിശുമരണങ്ങള്‍ ഉണ്ടാകാറില്ല. അട്ടപ്പാടിയില്‍ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതിവേഗം നടപടി സ്വീകരിച്ചു. സംഭവത്തിലുള്‍പ്പെട്ട 16 പ്രതികളെ പോലീസ് പിടികൂടി. മര്‍ദനമേറ്റ് മരിച്ച മധുവിന്റെ സഹോദരിക്ക് ജോലിയും നല്‍കും. കേരളത്തിലെ എല്ലാ ഗോത്ര വിഭാഗ മേഖലകളിലും സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍പ്പിട പദ്ധതിക്കായുള്ള 2,34,50,000 രൂപയുടെ ചെക്ക് മന്ത്രി വന സംരക്ഷണ സമിതിക്ക് കൈമാറി. സമിതിക്ക് വേണ്ടി മലയാറ്റൂര്‍ ഡിഎഫ്ഒ ചെക്ക് ഏറ്റുവാങ്ങി. പിണവൂര്‍കുടി കോളനിയിലെ മോഹനന് പാണാലി, കെ.കെ. സന്തോഷ്, വെള്ളക്കണ്ണി ചന്ദ്രന് എന്നിവര്‍ക്കുള്ള പട്ടയവും മന്ത്രി വിതരണം ചെയ്തു. സമഗ്ര സാക്ഷരത പഠിതാക്കള്‍ക്കുള്ള പുസ്തക വിതരണവും മന്ത്രി നിര്‍വഹിച്ചു.
വന്യമൃഗങ്ങളുടെ അക്രമം മൂലം മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വനാവകാശ രേഖകള്‍ ലഭിക്കുന്ന സ്ഥലത്ത് വീടുവെക്കുന്നതിന് മരങ്ങള്‍ മുറിക്കാം. വീട് നിര്‍മ്മാണത്തിനായി അവ ഉപയോഗിക്കാം. എന്നാല്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. വന്യജീവി അക്രമണത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം ഇപ്പോള്‍ നല്കുന്നതില് നിന്ന് ഇരട്ടയാക്കി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിലേക്കുള്ള റോഡുകള്‍ ഉപയോഗിക്കാന്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് അവകാശമുണ്ട്. അതില്‍ നിന്ന് അവരെ തടയരുത്. വീട് വെക്കുമ്പോള്‍ അവിടേക്ക് വൈദ്യുതി കേബിളുകള്‍ ഇടുന്നതിനും കുടിവെള്ള പൈപ്പ് ഇടുന്നതിനും അനുമതി നല്‍കുന്നതിന് കാലതാമസമുണ്ടാകരുതെന്നും മന്ത്രി നിര്‍ദേശം നല്കി.
ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ജില്ലയിലെ വിവിധ താലൂക്കുകളിലായി ആകെ 343 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 100 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 24 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടുന്നു. 124 എല്‍എ പട്ടയങ്ങളാണ് ആകെയുള്ളത്. ഇതില്‍ കൊച്ചി 5, കണയന്നൂര്‍14, കോതമംഗലം 52, കുന്നത്തുനാട്21, മുവാറ്റുപുഴ2, ആലുവ25, പറവൂര്‍5 എന്നിങ്ങനെയാണ് വിതരണം. ഒരു വനഭൂമി പട്ടയവും ഉള്‍പ്പെടുന്നു.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതം ആശംസിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയ്സ് ജോര്‍ജ് എംപി, എംഎല്‍എമാരായ ആന്റണി ജോണ്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, പന്തപ്ര കോളനി ഊരു മൂപ്പന് കുട്ടന് ഗോപാലന്, കാണി തങ്കപ്പന് കാമാക്ഷി, ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, മലയാറ്റൂര്‍ ഡിഎഫ്ഒ രഞ്ജന്‍ എ, മുവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാജഹാന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്ത്രപ്ര, പിണവൂര്‍കുടി കോളനിവാസികളുടെ
11 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം
ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി
കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 94 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖ സ്വന്തമാകുന്നതോടെ 11 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ചടങ്ങില്‍ ഊര് മൂപ്പന് കുട്ടന് ഗോപാലന്റെ വാക്കുകളിലും ദീര്‍ഘനാളത്തെ കാത്തിരിപ്പ് അവസാനിച്ചതിന്റെ സന്തോഷം നിറഞ്ഞിരുന്നു. കോതമംഗലം താലൂക്കില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനു കീഴില്‍ എട്ടോളം െ്രെടബല്‍ സെറ്റില്‍മെന്റുകളാണുള്ളത്. ഇതില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ 939 ഏക്കര്‍ വന വിസ്തൃതിയുള്ള വാരിയം കോളനിയിലെ പട്ടികവര്‍ഗ സാങ്കേതത്തില്‍ താമസിച്ചിരുന്ന 67 കുടുംബങ്ങള്‍ കാട്ടാനയുടെയും വനമൃഗങ്ങളുടെയും ശല്യം മൂലം പൂയംകുട്ടിപ്പുഴയുടെ തീരത്ത് കണ്ടന്‍പാറ എന്ന സ്ഥലത്ത് താമസമുറപ്പിക്കുകയായിരുന്നു. 2012 ല്‍ ഇവരെ വനം വകുപ്പിന്റെ സഹകരണത്തോടെ പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ താമസിപ്പിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്ര വന സംരക്ഷണ നിയമം ഉപയോഗിക്കാനാണ് നേരത്തേ 201314ല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2016 ല്‍ ഇവരുടെ പുനരധിവാസം വനാവകാശ നിയമത്തിനു കീഴില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അതോടെയാണ് പന്തപ്രയിലെ 67കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ നിയമാനുസൃതം നല്‍കുന്നതിന് നടപടി പൂര്‍ത്തിയായത്.
ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പന്തപ്ര കോളനിയിലെ 67 കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം സ്ഥലം അനുവദിക്കുന്നതിന് വനാവകാശ രേഖ നല്‍കുന്നതോടൊപ്പം നഗരവാസികളുടേതിന് സമാനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭവന നിര്‍മ്മാണത്തിന് ഒരു കുടുംബത്തിന് 3.50 ലക്ഷം രൂപ നിരക്കില്‍ 350 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മിക്കും. 2,34,50,000 രൂപയാണ് എസ്റ്റിമേറ്റ് തുക. വൈദ്യുതീകരണത്തിന് 42,68,500 രൂപയും കുടിവെള്ള പദ്ധതിക്ക് 48,00,000 രൂപ, മണ്ണ് റോഡ് നിര്‍മ്മാണം 37,50,000 രൂപ, സോളാര്‍ ഫെന്‍സിംഗ് 7,00,000 രൂപ, കമ്മ്യൂണിറ്റി ഹാള്‍ 10,00,000 രൂപ, കിണര്‍ നിര്‍മ്മിച്ച് കുടിവെള്ളം എത്തിക്കുന്നതിന് 15,00,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.