ആലപ്പുഴ : ടെക്സ്റ്റൈല്‍സ് മേഖലയില്‍ കൂടുതല്‍ വികസന- –
വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു എന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കേരളത്തിലെ സ്പിന്നിങ് മില്‍ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി ഇ പി ജയരാജന് പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സിലെ നോണ്‍ വോവണ്‍ ഫാബ്രിക് നിര്‍മ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനവും രണ്ടാംഘട്ട പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാമാരിക്കിടയിലും സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടി വ്യവസായ വകുപ്പ് സ്വീകരിച്ചുവരികയാണ്. കടുത്ത തകര്‍ച്ചയിലും അവഗണനയിലും കെടുകാര്യസ്ഥതയില്‍ നിന്നും സ്പിന്നിങ് മില്ലുകളെ മുന്നോട്ട് നയിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. വൈവിധ്യവല്‍ക്കരണവും നവീകരണവും വഴിയാണ് ഈ സ്പിന്നിങ് മില്ലുകള്‍ തിരിച്ചു വരവിലേക്ക് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പൊതുമേഖലയില്‍ ഒന്‍പതും സഹകരണമേഖലയില്‍ എട്ടും സ്പിന്നിങ് മില്ലുകളാണ് ഉള്ളത്.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സഹകരണമേഖലയ്ക്കായി 142 കോടിയും പൊതുമേഖലക്ക് 114 കോടിയുമാണ് നല്‍കിയിട്ടുള്ളത്. ഇത് സംസ്ഥാന ചരിത്രത്തില്‍ ഒരു റെക്കോര്‍ഡ് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
സ്പിന്നിങ് മില്ലുകള്‍ പൂട്ടിയിടുന്ന ചരിത്രമല്ല ഇപ്പോഴുള്ളത്. തുറന്നു പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്പിന്നിങ് മില്ലുകള്‍ക്ക് കോട്ടണ്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള കോട്ടണ്‍ ബോര്‍ഡ് രൂപീകരണ നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ടെക്സ്റ്റൈല്‍സ് മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വ്യവസായവകുപ്പ് നടപ്പാക്കിവരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പഠിപ്പിക്കുന്നത് അവസരങ്ങള്‍ കണ്ടെത്തി മുന്നോട്ടുപോകാനാകുമെന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. കോവിഡാനന്തര കാലം വ്യവസായമേഖലയെ മത്സര ശേഷിയുള്ള ഒരു മേഖലയാക്കി മാറ്റുമെന്നും സ്പിന്നിങ് മേഖലയിലെ രണ്ടാംഘട്ട നവീകരണം വലിയ ചുമതലയാണ് ഏല്‍പ്പിച്ചു നല്‍കുന്നതെന്നും വാശിയോടെ പ്രവര്‍ത്തിച്ചു മുന്നേറി കാണിക്കണമെന്നും മന്ത്രി പറഞ്ഞു. കെ എസ് ടി സി പുതുതായി നിര്‍മ്മിക്കുന്ന സുരക്ഷാ മാസ്ക്കിന്റെ പ്രകാശനവും മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ വ്യവസായ സംരംഭങ്ങള്‍ കടന്നുവരുന്ന അന്തരീക്ഷമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ഭക്ഷ്യ– പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് പറഞ്ഞു. പുതിയ തലമുറയ്ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദ്രുതഗതിയിലുള്ള മാറ്റം എല്ലാ മേഖലയിലും സാധ്യമാകുകയാണ്. വെല്ലുവിളി നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധിപേര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപെട്ടു.
ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, റിയാബ് ചെയര്മാന് എന്‍ ശശിധരന് നായര്‍, കൈത്തറി ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ കെ സുധീര്‍, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ കെ ടി ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.