അമ്പൂരി കുമ്പിച്ചല്‍ക്കടവ് പാലത്തിന്റെയും പ്ലാമ്പഴിഞ്ഞി പാലത്തിന്റെയും നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാറശ്ശാല മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നിരവധി റോഡുകളും പാലങ്ങളും നിര്‍മിച്ചു. വികസനരംഗത്ത് പാറശ്ശാല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗമായി കരിപ്പയാറിനു കുറുകെയാണ് കിഫ്ബിയില്‍ നിന്നും 17.25 കോടി ചെലവഴിച്ച് കുമ്പിച്ചല്‍ക്കടവ് പാലം നിര്‍മ്മിക്കുന്നത്. ഏഴ് സ്പാനുകളിലായി ആകെ 253.4 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഇരുകരകളിലുമായി 300 മീറ്റര്‍ നീളത്തില്‍ അപ്പ്രോച്ച് റോഡും നിര്‍മ്മിക്കും. പുരുവി മലയിലെ 11 ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ 450 കുടുംബങ്ങളുടെയും അനുബന്ധ പ്രദേശങ്ങളിലെ ജനങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് പാലം നിര്‍മ്മാണത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.ആര്യംകോട്- ഒറ്റശേഖരമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്ലാമ്പഴിഞ്ഞി പാലം പുതുക്കിപ്പണിയുന്നതിനായി ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും 6.20 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 20 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള ഈ പാലത്തിനു ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുകരകളിലുമായി 1,100 മീറ്റര്‍ നീളത്തില്‍ അപ്പ്രോച്ച് റോഡും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും.

അമ്പൂരി സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജഹാന്‍ കുടപ്പനമൂട്, അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു, വിസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.