ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കമ്പനിയോട് ചേര്‍ന്നുള്ള പ്രദേശത്തെ 52 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ടൈറ്റാനിയം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനര്‍ഹമാണെന് മന്ത്രി പറഞ്ഞു.  കമ്പനിയുടെ ചുറ്റും താമസിക്കുന്നവര്‍ക്കായി നിരവധി സഹായങ്ങള്‍ ടൈറ്റാനിയത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.  ഇത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.  ടൈറ്റാനിയം സ്വന്തമായി നിര്‍മിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ ബ്രാന്‍ഡായ ടൈ സെക്യൂറിന്റെ ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ടൈറ്റാനിയത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പരിസരവാസികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണക്ഷന്‍ നല്‍കിയത്.  ജല അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.  നിലവില്‍ ആദ്യഘട്ടമെന്നോണം 52 പൊതു പൈപ്പുകളാണ് സ്ഥാപിച്ചട്ടുള്ളത്.  പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയാണ് ഇതിനായി കമ്പനി വിനിയോഗിക്കുക.  ചടങ്ങില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം ചെര്‍മാന്‍ എ.എ റഷീദ് അധ്യക്ഷത വഹിച്ചു.  മാനേജിങ് ഡയറക്ടര്‍ ജോര്‍ജി നൈനാന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.