നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചത് 5,583 പേര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളിലെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കലും പൂര്‍ത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത്  8,387 സ്ഥാനാര്‍ത്ഥികള്‍. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി അംഗീകരിച്ച 13,970 പത്രികകളില്‍ 5,583 പത്രികകളാണ് പിന്‍വലിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 82 പുരുഷന്മാരും 63 സ്ത്രീകളുമുള്‍പ്പടെ 145 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 59 പേരാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്.

നഗരസഭകളില്‍ അംഗീകരിച്ച 2,488 പത്രികകളില്‍ 964 സ്ഥാനാര്‍ത്ഥികളാണ് നാമ നിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചത്. ഇതോടെ 1,524 പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 816 പേര്‍ പുരുഷന്മാരും 708 പേര്‍ വനിതകളുമാണ്. നഗരസഭകളിലേക്കുള്ള 17 നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്വീകരിച്ച 1,323 പത്രികകളില്‍ 484 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 20 സ്ഥാനാര്‍ത്ഥികളുടെ പത്രികളാണ് തള്ളിയത്. മത്സര രംഗത്തുള്ള 839 പേരില്‍ 455 പേര്‍ പുരുഷന്മാരും 384 സ്ത്രീകളുമാണ്.

ഗ്രാമ പഞ്ചായത്തുകളില്‍ 9,955 പത്രികകള്‍ വരണാധികാരികള്‍ സ്വീകരിച്ചതില്‍ 4,076 പേരാണ് പത്രികകള്‍ പിന്‍വലിച്ചത്. 5,879 പേരാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഇതില്‍ 3,033  പേര്‍ പുരുഷന്മാരും 2,846 പേര്‍ വനിതകളുമാണ്. ആകെ 121 നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.