തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം മറന്നാൽ പ്രചാരണവും വോട്ടെടുപ്പുമൊക്കെ കഴിയുമ്പോൾ ജില്ലയിൽ രൂപപ്പെട്ടേക്കാവുന്ന മാലിന്യത്തിന്റെ അളവ് 501 ടൺ..! ഹരിത കേരളം മിഷനാണ് ഇതു സംബന്ധിച്ച കണക്കു തയാറാക്കിയത്. പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകവഴി ഈ മാലിന്യം കുന്നുകൂടുന്ന സ്ഥിതി പൂർണമായി ഇല്ലാതാക്കാമെന്നും ഹരിത തെരഞ്ഞെടുപ്പ് എന്നതു മനസിൽക്കണ്ടു വേണം പ്രചാരണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.
ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിലായി 6402 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. മത്സരചിത്രം തെളിഞ്ഞതോടെ എല്ലാ വാർഡുകളിലും പ്രചാരണം പൊടിപൊടിക്കുകയാണ്. പ്രചാരണത്തിനായി പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിൾ വസ്തുക്കളും ഉപയോഗിച്ചാൽ ഹോർഡിംഗുകളുടേതു മാത്രം 154 ടൺ മാലിന്യമുണ്ടാകുമെന്നാണ് ഹരിത കേരളം മിഷന്റെ കണക്ക്. കൊടിതോരണങ്ങൾ കുന്നുകൂടിയാൽ 120 ടണ്ണോളമുണ്ടാകും. പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകൾ 110 ടൺ വരും. ഡിസ്‌പോസിബിൾ കപ്പുകൾ, പാത്രങ്ങൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവയെല്ലാം ചേർന്ന് 117 ടൺ വേറെ. തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിനു പുറമേയുള്ള കണക്കാണിത്.
ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ ജില്ലയിലെ എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നു ജില്ലാ കളക്ടർ അഭ്യർഥിച്ചു. ബാനറുകളും ബോർഡുകളും തുണിയിലും പേപ്പറിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളിലും മാത്രമാക്കണം. കൊടിതോരണങ്ങൾ നിർമിക്കുമ്പോഴും പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുന്നതിനു പകരം ബബിൾ ടോപ്പ് ഡിസ്‌പെൻസറുകൾ സജ്ജമാക്കണം – കളക്ടർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണമെന്നു ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിനു ശേഷം പോളിങ് സ്‌റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
വോട്ടെടുപ്പ് അവസാനിച്ച ഉടൻ അതതു സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങൾ നീക്കംചെയ്തു നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിനു ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ ചെയ്യണം. ഇവ നീക്കിയില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പരസ്യം നീക്കംചെയ്യുകയും ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കുകയും ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കി.