ചിലര്‍ എതിര്‍ക്കുന്നുവെന്നതിനാല്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കാനാവില്ല
ഏറ്റവും കൂടുതല്‍ പണം നല്കി ഭൂമി ഏറ്റെടുക്കുന്നത് കേരളത്തില്‍
ചെലവ് കൂടിയതിനാല്‍ എലിവേറ്റഡ് ഹൈവേ കേന്ദ്രം അംഗീകരിക്കുന്നില്ല
നാടിന്റെ പൊതു നന്മ മുന്‍നിര്‍ത്തി പശ്ചാത്തല വികസനം സാധ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വാശിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മമ്പറം പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത സ്ഥലമേറ്റെടുപ്പില് സംസ്ഥാന സര്‍ക്കാരിന് എന്തിനാണ് ഇത്ര വാശിയെന്നാണ് ചിലര്‍ ചോദിക്കുന്നത്. നാടിന്റെ ഭാവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരല്ലാതെ പിന്നെ ആരാണ് വാശി കാണിക്കേണ്ടത്? കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോട് വരും തലമുറയ്ക്ക് നാട് കൈമാറുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ ദേശീയപാതാ വികസനം 45 മീറ്ററില്‍ വേണമെന്ന കാര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ദേശീയ പാതാവികസനം തല്ക്കാലം മാറ്റിവയ്ക്കുകയെന്ന സമീപനമാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നു ദേശീയപാതാ വികസന വൈകാന്‍ ഇത് ഇടവരുത്തി.
പശ്ചാത്തല സൗകര്യവികസനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാരും എതിര്‍ക്കുന്നില്ല. എതിര്‍ക്കുന്നവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. ചിലരുടെ എതിര്‍പ്പുണ്ടെന്നു കരുതി മാത്രം വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ പൊതു നന്മ മുന്‍നിര്‍ത്തി അത് വിട്ടുനല്‍കാനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്. നല്ല പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നല്കി അവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം നല്കി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു ചില സംസ്ഥാനങ്ങളില്‍ ദേശീയപാതയ്ക്ക് ഒരു കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ 65 ലക്ഷം രൂപ മാത്രം ചെലവ് വരുമ്പോള്‍ കേരളത്തില്‍ അത് ആറ് കോടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുമായി ചെറിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യത കുറഞ്ഞ കേരളത്തില്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് കേരളം. ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് 142 കോടി ചെലവു വരുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രാലയവും ദേശീയ പാതാ അതോറിറ്റിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി.കെ ശ്രീമതി ടീച്ചര്‍ അധ്യക്ഷയായിരുന്നു. കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എമാരായ എം.വി ജയരാജന്, കെ.കെ നാരായണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മമ്പറം പഴയ പാലത്തിന് സമാന്തരമായി പുതിയ പാലവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത്.
